ബഹിരാകാശ വിക്ഷേപണത്തിൽ പുത്തൻ അധ്യായം എഴുതിച്ചേർത്ത കമ്പനിയാണ് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്‌എക്സ് അഥവാ ‘റോക്കറ്റുകളുടെ തമ്പുരാൻ’. ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ് റോക്കറ്റിന്‍റെ ബൂസ്റ്റര്‍ഭാഗം വിക്ഷേപിച്ചു മിനിറ്റുകള്‍ക്കുള്ളിൽ അതേ ലോഞ്ച്പാഡില്‍ വിജയകരമായി തിരിച്ചിറക്കിയത് അടുത്തിടെയാണ്.
എന്നാൽ ഇപ്പോൾ ബഹിരാകാശ പര്യവേക്ഷണം എന്നതിനപ്പുറം ഗതാഗത പദ്ധതികളും സ്റ്റാർഷിപ്പിനെ അടിസ്ഥാനപ്പെടുത്തി സ്പേസ് എക്സ് ഒരുക്കിയിട്ടുണ്ട്. ഇതിൽ ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളിൽ സഞ്ചരിച്ചെത്താമെന്നു പറയുകയാണ് ഇലോൺ മസ്ക് . ഇൻട്രാ എർത്ത് ട്രാവൽ എന്നാണ് ഇതിനു നൽകിയിരിക്കുന്ന പേര്. ഉദാഹരണത്തിന് കൊച്ചിയിൽ നിന്ന് ന്യൂയോർക്കിലേയ്‌ക്ക് ഒന്ന് പോയി ഉടൻ മടങ്ങി വരാൻ പറ്റുന്ന രീതി പോലും ഭാവിയിൽ വരുമെന്നാണ് സൂചന .
121 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ്പിന് 100 മുതൽ 150 ടൺ വരെ ഭാരമുള്ള വസ്‌തുക്കള്‍ ബഹിരാകാശത്തേക്ക് അയയ്‌ക്കാനാകും. പൂർണമായി സ്റ്റെയിൻലസ് സ്റ്റീലിൽ നിർമിക്കപ്പെട്ട പേടകം പരമാവധി 100 ആളുകളെ വരെ വഹിക്കും. .പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് മനുഷ്യരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകാനും മസ്‌കിനു പദ്ധതിയുണ്ട്.















