തിരുവനന്തപുരം: മദ്യപിച്ചെത്തി ബഹളം വച്ചത് ചോദ്യം ചെയ്തതിന്റെ ദേഷ്യത്തിൽ അയൽവാസിയെ വെട്ടിക്കൊന്നു. കിളിമാനൂർ കാരേറ്റിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കാരേറ്റ് സ്വദേശി ബാബുരാജാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതിയും അയൽവാസിയുമായ സുനിൽ കുമാറിനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
സുനിൽ കുമാർ മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ഏറെ നേരം സുനിൽ കുമാർ ബഹളം തുടർന്നിരുന്നു. ഒടുവിൽ സഹികെട്ടാണ് ബാബുരാജ് സംഭവത്തിൽ ഇടപെട്ടത്. ഇതിൽ പ്രകോപിതനായ പ്രതി ബാബുരാജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ബാബുരാജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുനിൽ കുമാർ നാട്ടിലെ സ്ഥിരം പ്രശ്നക്കാരനാണെന്നും മദ്യപിച്ചെത്തി പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്നും പ്രദേശവാസികൾ പറഞ്ഞു.















