പാലക്കാട്: കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്ക് മൊഹബത്ത് കാ ദൂക്കാനിൽ ‘ഇവിടെ കിട്ടിയതിനെക്കാൾ വലിയ കസേരകൾ’ കിട്ടട്ടെയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിന് പിന്നാലെ പാലക്കാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.
സന്ദീപിനെതിരെ നേരത്തെയും ബിജെപി നടപടിയെടുത്തതാണ്. അത് പക്ഷെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് ആയിരുന്നില്ല. അത് എല്ലാവർക്കും അറിയാം. നടപടിയുടെ വിവരങ്ങൾ അന്ന് പുറത്ത് പറയാതിരുന്നത് ഒരു രാഷ്‌ട്രീയപാർട്ടി സമാന്യമായി പാലിക്കേണ്ട മര്യാദയുടെ പേരിൽ മാത്രമാണ്. വി.ഡി. സതീശനും സുധാകരനും എല്ലാ ആശംസകളും നേരുകയാണ്. സന്ദീപ് വാര്യർ കോൺഗ്രസിൽ നീണാൽ വാഴട്ടെയെന്ന് ആസംസിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
സന്ദീപിന്റെ കൈ മുറുകെപ്പിടിക്കണമെന്നും അദ്ദേഹം കെ സുധാകരനെയും വിഡി സതീശനെയും ഓർമ്മിപ്പിച്ചു. സന്ദീപിന്റെ മാറ്റം പാലക്കാട് ഉപതെരഞ്ഞെടുപ്പിലോ കേരളത്തിലെ ബിജെപിയിലോ യാതൊരു ചലനവും ഉണ്ടാക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കാര്യങ്ങൾ പാലക്കാട്ടെ ജനങ്ങൾക്ക് അറിയാം. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേരാൻ തെരഞ്ഞെടുത്ത ദിവസവും പ്രധാനമാണെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. വി.ഡി. സതീശൻ രൺജീത്ത് ശ്രീനിവാസന്റെയും സഞ്ജിത്തിന്റെയും കൊലയാളികളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേന്ന് തന്നെയാണ് സന്ദീപിനെ കോൺഗ്രസിൽ ചേർത്തത്. ബലിദാനികളെ വഞ്ചിച്ചാണ് സന്ദീപ് പാർട്ടി വിട്ടതെന്നും അദ്ദേഹം വിമർശിച്ചു.
അപ്രസക്തമായ വ്യക്തി അപ്രസക്തമായ പാർട്ടിയിലേക്ക് പോയെന്ന് ആയിരുന്നു ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുടെ പ്രതികരണം. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ വേദിയിൽ കസേര നൽകിയില്ലെന്ന് പറഞ്ഞായിരുന്നു സന്ദീപ് വാര്യർ ബിജെപിയോട് പിണങ്ങിയത്. പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാറിന്റെ വിജയസാദ്ധ്യതകളെ തുരങ്കം വെയ്‌ക്കുന്ന തരത്തിൽ സന്ദീപ് വാര്യർ മാദ്ധ്യമങ്ങളോട് നടത്തിയ പരസ്യമായ അഭിപ്രായപ്രകടനത്തിലും ബിജെപി പ്രവർത്തകരിൽ നിന്ന് വലിയ പ്രതിഷേധമുയർന്നിരുന്നു.















