കോൺഗ്രസ് വർഗീയ പ്രചാരണം നടത്തുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയെന്നും ഒരു എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഗ്രീൻ ആർമി പ്രചാരണം നടത്തുകയാണെന്നും കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വി ഡി സതീശൻ കൽപ്പാത്തിയിലെ പരിപാടി കഴിഞ്ഞ് നേരെ പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാലക്കാട് നടന്ന അതിദാരുണമായ രണ്ട് കൊലപാതകങ്ങളിൽ പ്രതികളായ ആളുകളുടെ കുടുംബാംഗങ്ങളെ സതീശൻ സന്ദർശിച്ചു. സന്ദീപ് കൊലക്കേസിലെയും ശ്രീനിവാസൻ കൊലക്കേസിലെയും പ്രതികളുടെ കുടുംബാംഗങ്ങൾ സതീശനുമായി എന്ത് ചർച്ചയാണ് നടത്തിയതെന്ന് കോൺഗ്രസ് വ്യക്തമാക്കേണ്ടതുണ്ട്.
കൊലക്കേസിലെ പ്രതികൾ സതീശനിൽ നിന്നും കോൺഗ്രസിൽ നിന്നും എന്ത് സഹായമാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയണം. എസ്ഡിപിഐ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. എൽഡിഎഫിന് പിഡിപിയുമായി ബന്ധമുണ്ട്. വീടുകളിലും ആരാധനാലയങ്ങളിലും എസ്ഡിപിഐ ലഘുലേഖ വിതരണം ചെയ്തുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.















