ഈ വർഷത്തെ ഹിറ്റ് സിനിമയായ ആവേശം പ്രേക്ഷകരിലേക്ക് എത്തിച്ച സംവിധായകനാണ് ജിത്തു മാധവ്. ഫഹദ് ഫാസിൽ തകർത്തഭിനയിച്ച ചിത്രം വലിയ തോതിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അതിഗംഭീരമായ ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ച ജിത്തു മാധവ് മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലുമായി ഒരുമിച്ച് സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ആശിർവാദ് സിനിമാസായിരിക്കും ചിത്രം നിർമിക്കുക. മോഹൻലാൽ സംവിധാനം ചെയ്ത ബറോസിന്റെ റിലീസിന് ശേഷം പുതിയ ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി അറിയിക്കും. മോഹൻലാൽ നായകനാകുന്ന സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ അടുത്തിടെയാണ് മോഹൻലാൽ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് മറ്റൊരു യുവ സംവിധാകനുമായി മോഹൻലാൽ ഒരുമിക്കുന്നുവെന്ന വാർത്തകൾ വരുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ 2025 മാർച്ച് 27-നാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് നിലവിൽ പുരോഗമിക്കുന്നുണ്ട്. ഇതിന് ശേഷം ജിത്തു മാധവ്- മോഹൻലാൽ കൂട്ടുകെട്ടിൽ സിനിമ പിറക്കുമെന്നാണ് റിപ്പോർട്ട്.















