യുഎഇ ഉൾപ്പെടയുള്ള ഗൾഫ് രാജ്യങ്ങൾ വാണിജ്യ വ്യവസായ മേഖലകളിൽ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി മാറിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ദുബായിൽ സിംബയോസിസ് രാജ്യാന്തര യൂണിവേഴ്സിറ്റിയുടെ ക്യാമ്പസ് ദുബായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഎഇ കാബിനറ്റ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ,കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ എന്നിവർ ചേർന്ന് സിംബയോസിസ് രാജ്യാന്തര സർവകലാശാലയുടെ ക്യാമ്പസ് ദുബായിൽ ഉദ്ഘാടനം ചെയ്തു.
യു.എ .ഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ , കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സിംബയോസിസ് യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനത്തോടെ വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യ–യുഎഇ സഹകരണം മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണെന്ന് എസ്. ജയ്ശങ്കർ അഭിപ്രായപ്പെട്ടു. 2015 ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ യുഎഇ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പുതിയ തുടക്കമായിരുന്നു.വിദ്യാഭ്യാസം, ഊർജം, വ്യാപാരം, യാത്രാ സൗകര്യങ്ങൾ ഉൾപ്പടെയുള്ള നിർണായക രംഗങ്ങളിൽ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി യുഎഇയും മറ്റു ഗൾഫ് രാജ്യങ്ങളും മാറിയതായി ജയ്ശങ്കർ വ്യക്തമാക്കി.
ലോകത്തിലെ പ്രധാന രാജ്യങ്ങളുമായെല്ലാം ഏറ്റവും നല്ല നയതന്ത്ര ബന്ധം സ്ഥാപിച്ചുകൊണ്ട് ഇന്ത്യ വലിയ വാണിജ്യ വ്യവസായ സഹകരണം സൃഷ്ടിക്കുകയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ഇന്ത്യ യു.എ.ഇ ബന്ധം. യു.എ.ഇയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളി എന്നതിനപ്പുറം വളരെ ഊഷ്മളമായ സൗഹൃദ ബന്ധമാണ് രണ്ട് രാജ്യങ്ങളും തമ്മിൽ ഇപ്പോഴുള്ളത്.
അബുദാബിയിൽ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഡോ.എസ്. ജയശങ്കറും നടത്തിയ കൂടിക്കാഴ്ചയിലാണ് ഉഭയകഷി സഹകരണം ചർച്ചയായത്. തന്ത്രപരമായ പങ്കാളിത്തവും സമഗ്ര സാമ്പത്തിക പങ്കാളിത്തവും ഇരുരാജ്യങ്ങളുടെ വികസനലക്ഷ്യങ്ങളെ പിന്തുണയ്‌ക്കുന്നതാണെന്നും ഇരുവരും വിലയിരുത്തി. രാജ്യാന്തര സംഘടനകളുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടുള്ള സംയുക്ത സഹകരണവും ചർച്ചയായി. വിവിധപ്രാദേശിക രാജ്യാന്തര വിഷയങ്ങളെക്കുറിച്ചുള്ള കാഴ്ചപാടുകളും ഇരുനേതാക്കളും പങ്കുവച്ചു.