ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇളയസഹോദരൻ നാര രാമമൂർത്തി നായിഡു അന്തരിച്ചു. 72 വയസായിരുന്നു. ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം.
മൂന്ന് ദിവസം മുൻപായിരുന്നു ഹൃദയ-ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. നവംബർ 14ന് രാത്രി എട്ട് മണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചു. പിന്നീട് ഇന്ന് ഉച്ചയ്‌ക്ക് 12.45ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മുൻ കാലങ്ങളിൽ തെലുങ്ക് ദേശം പാർട്ടിയിൽ സജീവമായിരുന്നു അദ്ദേഹം. 1994ൽ ആന്ധ്രയിലെ ചന്ദ്രഗിരി നിയോജകമണ്ഡലത്തിൽ നിന്ന് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നടനും ചലച്ചിത്ര നിർമാതാവുമായ നാര രോഹിത്ത് മകനാണ്.















