തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തർക്ക് നേരെ കഞ്ചാവ് മാഫിയയുടെ കയ്യേറ്റശ്രമം. ആറുകാണി സ്വദേശികളായ അയ്യപ്പ ഭക്തർക്ക് നേരെയാണ് നെയ്യാർഡാം പാലത്തിന് സമീപത്ത് വച്ച് കഞ്ചാവ് മാഫിയ അതിക്രമം നടത്തിയത്. വാഹനം തടഞ്ഞു നിർത്തി അയ്യപ്പഭക്തരെ കയ്യേറ്റം ചെയ്ത അക്രമികൾ നെയ്യാർ ഡാം പൊലീസിനെയും മർദ്ദിച്ചു.
തമിഴ്നാട്ടിലെ ആറുകാണിയിൽ നിന്ന് ശബരിമലയിലേക്കു പുറപ്പെട്ട അയ്യപ്പ ഭക്തർക്ക് നേരെയാണ് ആക്രമണമുണ്ടായത്. നാലുവയസുള്ള കുഞ്ഞുൾപ്പടെ കഞ്ചാവ് മാഫിയയുടെ അതിക്രമത്തിന് ഇരയായി. സംഭവമറിഞ്ഞെത്തിയ പൊലീസിന് നേരെയും മാഫിയാ സംഘം കയ്യേറ്റം നടത്തി. രണ്ടിലധികം പൊലീസുകാർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.
അക്രമികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ തെരച്ചിലിൽ മാഫിയാ സംഘത്തിലെ അഞ്ചുപേരെയും നെയ്യാർഡാം പൊലീസ് പിടികൂടി. മാഫിയ സംഘത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വാഹന യാത്രക്കാർക്ക് നേരെ സ്ഥിരമായി അതിക്രമം നടക്കാറുണ്ടെന്നാണ് പരാതി. പോൊലീസിന് നേരെയടക്കം കഞ്ചാവ് മാഫിയയുടെ അതിക്രമം ഉണ്ടായ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനും നടപടികളാരംഭിച്ചു.















