ലക്‌നൗ: സമാജ്‌വാദി പാർട്ടിയെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭാരതത്തെ രണ്ടായി ഭാഗിക്കാൻ മുൻകൈ എടുത്ത മുസ്ലീം ലീഗിന് വിഭിന്നമല്ല സമാജ്‌വാദി പാർട്ടിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 1906 ൽ അലിഗഡിൽ മുസ്ലീം ലീഗ് സ്ഥാപിതമായപ്പോൾ മുതൽ ഇന്ത്യാ വിഭജനം പദ്ധതിയിട്ടിരുന്നുവെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു. അലിഗഡിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” മുസ്ലീം ലീഗിന് സമാനമായ പ്രവർത്തനങ്ങളാണ് സമാജ്‌വാദി പാർട്ടിയും രാജ്യത്ത് നടപ്പിലാക്കുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുന്നതിലാണ് സമാജ്‌വാദിയും മുസ്ലീം ലീഗും ശ്രദ്ധ ചെലുത്തുന്നത്. ജനങ്ങൾക്കിടയിൽ വർഗീയത പരത്തി ഭിന്നിപ്പിച്ച് ഭരിക്കാനുള്ള മുസ്ലീം ലീഗിന്റെ ലക്ഷ്യം ഒരു കാലത്ത് വിജയിച്ചു. ഇപ്പോൾ സമാജ്‌വാദിയും അതേ പാത പിന്തുടരുകയാണെന്ന് ജനങ്ങൾ മനസിലാക്കണം.”- യോഗി ആദിത്യനാഥ് പറഞ്ഞു.
പാകിസ്താനിലെ ഇസ്ലാമാബാദിലോ, കറാച്ചിയിലോ, ബംഗ്ലാദേശിലെ ധാക്കയിലോ അല്ല മുസ്ലീം ലീഗ് സ്ഥാപിതമായത്. ഉത്തർപ്രദേശിലെ അലിഗഡിലാണെന്ന കാര്യം ജനങ്ങൾ മറക്കരുത്. അവരുടെ ഉദ്ദേശ്യങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്നും ഗൂഢതന്ത്രങ്ങൾ മെനയുകയാണെന്നും മനസിലാക്കണം. ഇതേ പാതയാണ് ഇപ്പോൾ സമാജ്‌വാദിയും സ്വീകരിച്ചിരിക്കുന്നത്.
സമാജ്വാദി പാർട്ടിയുടെ യഥാർത്ഥ പൈതൃകം ഖാൻ മുബാറക്, അതിഖ് അഹമ്മദ്, മുഖ്താർ അൻസാരി തുടങ്ങിയ ഗുണ്ടകളുമായി ബന്ധപ്പെട്ടിരിക്കുന്നു,’ സോഷ്യലിസ്റ്റ് നേതാവ് ഡോ. രാം മനോഹർ ലോഹ്യയുടെ ആദർശങ്ങളിൽ നിന്ന് പാർട്ടി അകന്നുപോയെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.