തിരുവനന്തപുരം: കെ-സ്വിഫ്റ്റ് കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ച് യാത്രക്കാരൻ. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ ശ്രീജിത്തിനാണ് മർദ്ദനമേറ്റത്. പൂന്തുറ സ്വദേശി സിജോയാണ് ആക്രമണം നടത്തിയത്. ഇടിവള ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. ശ്രീജിത്തിന്റെ നെറ്റിയിലും ചെവിയിലും മൂക്കിനും ഗുരുതരമായി പരിക്കേറ്റു. സിജോയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്നലെ രാത്രി ഏഴര മണിക്ക് തിരുവനന്തപുരം പൂന്തുറ ഡിപ്പോയിലായിരുന്നു സംഭവം. കണ്ടക്ടറുടെ പുറകിൽ നിന്ന സിജോ ചീത്ത വിളിക്കുകയും ശ്രീജിത്ത് തിരിഞ്ഞ സമയത്ത് ഇടിവള ഉപയോഗിച്ച് മൂക്കിൽ മർദ്ദിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂക്കിന്റെ പാലം പൊട്ടി. ശ്രീജിത്തിന്റെ തലയ്‌ക്കും ഇടി വള കൊണ്ട് ഇടിച്ചു. ശ്രീജിത്തിന്റെ തലയിൽ നാലു തുന്നലുകളുണ്ട്. ചെവിക്കും ഗുരുതരമായി പരിക്കേറ്റു.
കഴിഞ്ഞ 14-ാം തീയതി രാത്രി സിജോ യാത്രക്കാരിയോട് മോശമായി പെരുമാറിയിരുന്നു. ഇത് ശ്രീജിത്ത് ചോദ്യം ചെയ്തു. ഇതിന്റെ വൈരാഗ്യത്തിൽ ഇന്നലെ ബസിൽ യാത്രക്കാരാരും ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം ശ്രീജിത്തിനെ മർദ്ദിക്കുകയായിരുന്നു. കണ്ടക്ടറുടെ പരാതിയിൽ പൂന്തുറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സിജോയെ അറസ്റ്റ് ചെയ്തു. ട്രിപ്പ് മുടങ്ങിയതിന്റെ പേരിലും സിജോയ്‌ക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കുപറ്റിയ ശ്രീജിത്ത് നിലവിൽ ചികിത്സയിലാണ്.















