എറണാകുളം: പത്തടിപ്പാലത്ത് കാർ ബസിലേക്ക് ഇടിച്ചുകയറി രണ്ട് പേർക്ക് പരിക്ക്. ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്. ബസിനെ മറികടക്കാൻ ശ്രമിച്ച ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ നടത്തിയ ശ്രമത്തിനിടെ ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു. സ്വകാര്യ ബസ് ആലുവയിൽ നിന്നും തോപ്പുംപടി ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോൾ ഡ്രൈവർ സീറ്റിൽ നിന്നും താഴെ വീണു. ഇതോടെ നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലൂടെ കയറി എതിർദിശയിലേക്ക് പോവുകയും മതിലിൽ ഇടിക്കുകയും ചെയ്തു. അപകടസമയത്ത് പുറകിലുണ്ടായിരുന്ന കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു. ബസിൽ 20 ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. സീറ്റിൽ നിന്ന് ഇവർ താഴെ വീണെങ്കിലും പരിക്കേറ്റിട്ടില്ല. കാർ യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. ഇവരുടെ പരിക്ക് ഗുരുതരമല്ല.















