ബന്ധു കോകിലയുമായുള്ള വിവാഹ ജീവിതം ആസ്വദിക്കുന്നതിന്റെ തിരക്കിലാണ് നടൻ ബാല. ശിവയുടെ സംവിധാനത്തിലെത്തിയ കങ്കുവ കാണാൻ ഇവരുവരും ഒരുമിച്ചെത്തിയതും സിനിമയ്‌ക്ക് പിന്തുണ അറിയിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയതും വൈറലായിരുന്നു. ഇപ്പോൾ കൊച്ചിയിലെ താമസസ്ഥലം മാറിയെന്ന വാർത്തയാണ് ബാല ആരാധകരുമായി പങ്കുവയ്‌ക്കുന്നത്.
കൊച്ചിയിൽ നിന്നും താമസം മാറുകയാണെന്നും തത്കാലത്തേക്ക് മറ്റൊരിടത്തേക്ക് പോകുകയാണെന്നുമാണ് ബാലയുടെ വാക്കുകൾ. താൻ ചെയ്യുന്ന നന്മകൾ ഇനിയും തുടരുമെന്നും ആരാധകരെ വിട്ട് ഒരുപാട് ദൂരത്തേക്കൊന്നും പോകാൻ സാധിക്കില്ലെന്നും താരം പറയുന്നുണ്ട്. സമൂഹമാദ്ധ്യമം വഴിയാണ് കൊച്ചി വിടുന്നുവെന്ന് ബാല വ്യക്തമാക്കിയത്.
” എല്ലാവർക്കും നന്ദി, കൊച്ചിയിൽ ഇനി നിൽക്കുന്നില്ല. ഞാൻ ചെയ്ത നന്മകൾ തുടരും. ഇത്രയും കാലം ഒരു കുടുംബത്തെ പോലെ നമ്മൾ കൊച്ചിയിലുണ്ടായിരുന്നു. എന്നാൽ ഇനി തത്കാലം മറ്റൊരിടത്തേക്ക് മാറുകയാണ്. നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കുകയാണ്. എന്നെ സ്‌നേഹിച്ചവരോട് ഇത് പറയാതെ പോകുന്നതെങ്ങനെ? ഞാൻ നിങ്ങളോട് നന്ദി അറിയിക്കുന്നു. എന്നെ സ്‌നേഹിച്ച പോലെ കോകിലയെയും നിങ്ങൾ സ്‌നേഹിക്കണം.
ആരോടും എനിക്ക് പരിഭവമില്ല. എന്റെ ആരോഗ്യത്തിനും മനശാന്തിക്കും വേണ്ടി ഞാൻ മറ്റൊരിടത്തേക്ക് ചേക്കേറുകയാണ്. ഒരുപാട് ദൂരത്തേക്കൊന്നുമല്ല. എനിക്കങ്ങനെ എന്റെ ആരാധകരെ വിട്ടുപോകാൻ സാധിക്കില്ല.”- ബാല പറഞ്ഞു.
ഒക്ടോബർ 23നായിരുന്നു ബാല മൂന്നാമതും വിവാഹിതനായത്. കുട്ടിക്കാലം മുതലുള്ള പരിചയമാണ് കോകിലയുമായി ബാലയ്‌ക്കുള്ളത്.















