റിയോ ഡി ജനീറോ: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പ് നൽകി ഇന്ത്യൻ സമൂഹം. റിയോ ഡി ജീറോയിലെ ഹോട്ടൽ നാഷണലിൽ എത്തിയ പ്രധാനമന്ത്രിയെ ദാണ്ഡിയ നൃത്തം അവതരിപ്പിച്ച് കലാകാരന്മാർ എതിരേറ്റു. ആദരസൂചകമായി പ്രവാസികൾ അദ്ദേഹത്തിന് ഉപഹാരങ്ങൾ നൽകി. ബ്രസീലിയൻ വേദ പണ്ഡിതന്മാരും പ്രധാനമന്ത്രിയെ വരവേൽക്കുന്നതിനായി മുൻനിരയിലുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ഇന്ത്യൻ സമൂഹം വളരെയധികം ആവേശഭരിതരായിരുന്നു. ത്രിവർണ പതാക വീശിയും, പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയുമാണ് പ്രവാസികൾ സ്‌നേഹം പ്രകടിപ്പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി ലോക നേതാക്കളിൽ ഒരാളാണ്. അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിക്കുന്നത് ഒരു ബഹുമതിയായി കാണുന്നുവെന്ന് പ്രവാസികളിലൊരാൾ പറഞ്ഞു. അദ്ദേഹം ഇന്ത്യൻ സമൂഹവുമായി സംവദിച്ചതിൽ സന്തോഷമുണ്ടെന്നും പ്രവാസികൾ വ്യക്തമാക്കി.
Deeply touched by the warm and lively welcome from the Indian community upon arriving in Rio de Janeiro. Their energy reflects the affection that binds us across continents. pic.twitter.com/hvA6GGKE9l
— Narendra Modi (@narendramodi) November 18, 2024
ത്രിരാഷ്‌ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ബ്രസീലിലെത്തിയത്. രണ്ട് ദിവസത്തെ ജി20 ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റിയോ ഡി ജനീറോയിൽ എത്തിച്ചേർന്നിട്ടുണ്ട്.















