കോഴിക്കോട്: കോൺഗ്രസിൽ നിൽക്കണമെങ്കിൽ പാണക്കാട് തങ്ങളുടെ അനുഗ്രഹം വേണമെന്ന അവസ്ഥയിലെത്തിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഇടത്, വലത് മുന്നണികൾ തരാതരം ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യർ പോയത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ബിജെപി വലിയ ഭൂരിപക്ഷത്തിൽ പാലക്കാട് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം ലീഗ് എന്നാൽ ഒരു സാമുദായിക പാർട്ടിയാണ്, ഒരു പ്രത്യേക മതവിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ്. യുഡിഎഫിന് അകത്ത് പ്രവർത്തിക്കണമെങ്കിൽ, കോൺഗ്രസിൽ നിൽക്കണമെങ്കിൽ, പാണക്കാട് തങ്ങളുടെ അനുഗ്രഹം വേണമെന്ന അവസ്ഥയാണ്. വി.ഡി സതീശനും കോൺഗ്രസ് നേതാക്കളും നൽകുന്ന സൂചന അതാണ്. പാണക്കാട് തങ്ങളാണോ സതീശനും സുധാകനുമൊക്കെയാണോ കോൺഗ്രസിനെ നിയന്ത്രിക്കുന്നത് എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്.
ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് അർഹതയില്ല. ഇരുമുന്നണികളും തരാതരം ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും ഉപയോഗിച്ചിട്ടുണ്ട്. മുസ്ലിംലീഗിനെ കുറിച്ച് സന്ദീപ് വാര്യർ പറഞ്ഞ മുൻനിലപാട് കൂടി എടുത്ത് നോക്കണം. സന്ദീപ് വാര്യരോട് എന്ത് പറഞ്ഞാണ് കോൺഗ്രസ് വിലപേശിയത് എന്നറിയില്ല. രാഷ്‌ട്രീയം വിലപേശൽ അല്ല, നിലപാട് ആണ്. അത് സന്ദീപിന് ഇല്ലെന്നും എംടി രമേശ് കുറ്റപ്പെടുത്തി.
ഇത്രയും കാലം പറഞ്ഞത് പാർട്ടി നിലപാട് മാത്രമാണെന്ന സന്ദീപ് വാര്യറുടെ പ്രസ്താവനക്കെതിരെയും എംടി രമേശ് വിമർശനമുന്നയിച്ചു. സന്ദീപിന്റെ ഇത്തരം പ്രസ്താവനയ്‌ക്ക് സഭ്യമല്ലാത്ത ഭാഷയിൽ മറുപടി പറയേണ്ടി വരും. അത് ഞാൻ ഉപയോഗിക്കുന്നില്ല. കെ സുരേന്ദ്രനെയല്ല, നരേന്ദ്രമോദിയെ തന്നെയാണ് സന്ദീപ് വിമർശിക്കുന്നത്. ഈ രാഷ്‌ട്രീയ സംഭവവികാസങ്ങളുടെ ആകെത്തുക എന്നത് പാലക്കാട്ടെ ബിജെപിയുടെ വിജയമാണ്. സന്ദീപ് വാര്യർ പോയത് തെരഞ്ഞെടുപ്പിനെ ഒരിക്കലും ബാധിക്കില്ല. അയാൾക്ക് പോവണമെന്ന് തോന്നി, അയാൾ പോയി. ഒരു സംസ്ഥാന സമിതി അംഗത്തിന്റെ കുറവുണ്ട്, തെരഞ്ഞെടുപ്പിന് ശേഷം അത് നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.