ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി ഭീകരരുടെ ആക്രണങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ നടപടികൾ ശക്തമാക്കി ആഭ്യന്തരമന്ത്രാലയം. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ രണ്ടാം ദിവസവും ഉന്നതതല യോഗം ചേർന്നു. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സുരക്ഷാ വിന്യാസം ശക്തമാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണമടക്കം മാറ്റിവെച്ചാണ് അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താൻ അടിയന്തര യോഗം ചേർന്നത്
കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) 50 കമ്പനികൾ കൂടി സംസ്ഥാനത്തേക്ക് അയക്കും. നേരത്തെ വ്യന്യസിച്ച 20 കമ്പനികൾക്ക് പുറമേയാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മണിപ്പൂരിൽ അടുത്തിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട മൂന്ന് കേസുകളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തിട്ടുണ്ട്.
മണിപ്പൂരിൽ ജിരിബാമിൽ മെയ്തി വിഭാഗത്തിൽപ്പെട്ട ആറ് സ്ത്രീകളേയും കുട്ടികളേയും കുക്കി ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിന് പിന്നലെയാണ് മേഖലയിൽ വീണ്ടും സംഘർഷം വ്യാപകമായത്. കാണാതായവരുടെ മൃതദേഹങ്ങൾ നദിയിൽ നിന്ന് കണ്ടെത്തിയതിന് പിന്നാലെ ആയിരങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. മുഖ്യമന്ത്രിയുടെ വീടിന് നേരെയും ആക്രണമുണ്ടായി. പിന്നാലെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തുകയും ഏഴ് ജില്ലകളിൽ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്തു















