ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറുടെ അധികമാരും കേട്ടിട്ടില്ലാത്ത കഥ വെളിപ്പെടുത്തി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ ജീവിച്ചിരിക്കുന്നതിൽ താൻ ഏറ്റവും ആരാധിക്കുന്ന ഒരു വ്യക്തിയുടെ പേര് പറയാൻ ഗാംഗുലിയോട് ആവശ്യപ്പെട്ടിരുന്നു. സച്ചിനെന്നാണ് താരം മറുപടി നൽകിയത്. സച്ചിനോടുള്ള ബഹുമാനം വർദ്ധിക്കാൻ ഇടയാക്കിയ സംഭവവും ഗാംഗുലി വിവരിച്ചു.
“സച്ചിൻ. അവൻ സ്പെഷ്യൽ ആയിരുന്നു. ഞാൻ അവനെ അടുത്ത് അറിഞ്ഞിട്ടുണ്ട്. പാിസ്താൻ പേസർ ഷോയ്ബ് അക്തറിന്റെ പന്ത് അവന്റെ വാരിയെല്ലിൽ കൊണ്ടിട്ടുണ്ട്. എന്നാൽ സച്ചിൻ നിലവിളിക്കുകയോ അസ്വസ്ഥനാവുകയോ ചെയ്തില്ല. ഇന്ത്യക്കായി ബാറ്റിംഗ് തുടർന്നു. ഞാൻ പന്ത് ശരീരത്തിൽ ഇടിച്ച ശബ്ദം കേട്ടിരുന്നു. പ്രശ്‌നമുണ്ടോ എന്നുചോദിച്ചപ്പോൾ അവൻ ഒന്നുമില്ലെന്നാണ് മറുപടി നൽകിയത്. എന്നാൽ പിറ്റേന്ന് വാരിയെല്ലിൽ രണ്ട് പൊട്ടലുകളുണ്ടായിരുന്നു,”ഗാംഗുലി പറഞ്ഞു. അധികമാർക്കും അറിയാത്ത ഈ സംഭവം സച്ചിന്റെ ആരാധകരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
Hearing this from Saurav Ganguly will make every Sachin fan proud and happy ♥️♥️♥️ pic.twitter.com/pYtdiVzCNt
— Rajasekar (@sekartweets) November 16, 2024
തങ്ങളുടെ ശക്തമായ ബാറ്റിംഗ് പ്രകടനങ്ങളിലൂട ഇന്ത്യൻ ക്രിക്കറ്റിന് മഹത്തയ സംഭാവനകൾ നൽകിയിട്ടുള്ളവരാണ് സച്ചിനും ഗാംഗുലിയും. ഗാംഗുലി നായകനായിരിക്കെ തന്നെ സച്ചിൻ ഇന്ത്യക്ക് വേണ്ടി നിരവധി മാച്ച്-വിന്നിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഗാംഗുലിയുടെ കീഴിൽ 2003 ലോകകപ്പ് ഫൈനൽ വരെയെത്തിയ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റ് പുറത്താവുകയായിരുന്നു. അതേ ടൂർണമെൻ്റിൽ 673 റൺസെടുത്ത സച്ചിൻ ഏറ്റവുംകൂടുതൽ റൺസ് നേടിയ താരവുമായി.















