ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നൈജീരിയയിലെത്തിയിരുന്നു.17 വർഷത്തിനിടെ പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ നേതാവാണ് മോദി. തലസ്ഥാനമായ അബൂജയിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹവും നൈജീരിയൻ നേതൃത്വവും ചേർന്ന് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.
ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ അതിവിശിഷ്ടമായ സമ്മാനമാണ് നൈജീരിയൻ പ്രസിഡൻ്റ് ബോല അഹമ്മദ് ടിനുബുവിന് പ്രധാനമന്ത്രി നൽകിയത്. കരകൗശല വൈദഗ്ധ്യം വെളിവാക്കുന്ന മനോഹരമായ ഒരു സിലോഫർ പഞ്ചാമൃത കലശമാണ് മോദി സമ്മാനിച്ചത്. മഹാരാഷ്‌ട്രയിലുള്ള കോലാപൂരിന്റെ പരമ്പരാഗത കരകൗശല മികവിന്റെ ഉത്തമ ഉദാഹരണമാണ് ഈ പഞ്ചാമൃത കലശം.
ഉയർന്ന ഗുണമേന്മയുള്ള വെള്ളിയിൽ നിന്നാണ് കലശം നിർമ്മിച്ചിരിക്കുന്നത്. സങ്കീർണ്ണമായ കൊത്തുപണികളും പുഷ്പ പാറ്റേണുകളും ദേവതകളുടെ ചിത്രീകരണങ്ങളും ഇതിന്റെ പ്രതലത്തിലുണ്ട്. കോലാപൂർ മേഖലയിൽ ഇത്തരം അലങ്കാര നിർമ്മിതികളിൽ ഏർപ്പെട്ടിരിക്കുന്ന ലോഹപ്പണിക്കാരുണ്ട്.
മതപരമായ ചടങ്ങുകളിൽ പലപ്പോഴും ഉപയോഗിക്കുന്നതിനാൽ കലശത്തിന് വലിയ സാംസ്കാരിക പ്രാധാന്യമുണ്ട്. കൂടാതെ പാൽ, തൈര്, നെയ്യ്, തേൻ, പഞ്ചസാര എന്നിവയുടെ പവിത്ര മിശ്രിതമായ പഞ്ചാമൃതം ഇതിലാണ് സൂക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ കലശത്തിന് സാംസ്കാരികവും നയതന്ത്രപരവുമായ മൂല്യമുണ്ട്. ഇത് ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണ്. ഇന്ത്യയുടെ വിലപ്പെട്ട സമ്മാനത്തിന് നൈജീരിയൻ പ്രസിഡന്റ് നന്ദി അറിയിച്ചു.