റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സാങ്കേതികവിദ്യ, ഗ്രീൻ എനർജി, സുരക്ഷ തുടങ്ങീ വിവിധ മേഖലകളിൽ കൂടുതൽ യോജിച്ച് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും ചർച്ചകൾ നടത്തി.
കെയർ സ്റ്റാർമറുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് സമൂഹമാദ്ധ്യമത്തിലും പ്രധാനമന്ത്രി കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് യുകെയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് വളരെയധികം മുൻഗണന ഉണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വരും വർഷങ്ങളിൽ സാങ്കേതികവിദ്യ, ഗ്രീൻ എനർജി, സുരക്ഷ തുടങ്ങിയ മേഖലകളിൽ അടുത്ത് പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും വളരെ അധികം ആഗ്രഹിക്കുന്നുണ്ടെന്നും, വ്യാപാര മേഖലയിലും സാംസ്‌കാരിക മേഖലയിലും കൂടുതൽ കരുത്ത് പകരാൻ തങ്ങൾ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കെയർ സ്റ്റാർമറിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
നൈജീരിയയിലെ രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി റിയോ ഡി ജനീറോയിൽ എത്തിയത്. യുഎസ്, ഇറ്റലി, ഇന്തൊനേഷ്യ, നോർവെ, പോർച്ചുഗൽ, ബ്രസീൽ, സിംഗപ്പൂർ, സ്‌പെയ്ൻ തുടങ്ങീ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ചർച്ചയിൽ എഐ, എനർജി, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ യോജിച്ച് പ്രവർത്തിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.