പുതുപ്പള്ളി : പാലക്കാട്ടെ പ്രചാരണത്തിൽ പങ്കെടുക്കാതെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി എന്നാരോപിച്ച് പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും അണികളുടെ കനത്ത സൈബർ ആക്രമണം.
മുംബൈ ലോക്കൽ ട്രെയിനിൽ കയറിയുള്ള യാത്രയുടെ സെൽഫി പങ്കിട്ടുകൊണ്ട് ഫേസ്‌ബുക്കിൽ ചാണ്ടി ഉമ്മൻ ഇട്ട പോസ്റ്റിന്റെ അടിയിലാണ് മാങ്കൂട്ടത്തിൽ ഫാൻസിന്റെ ആക്രമണം ഉണ്ടായത് . അശ്ളീല പദങ്ങളും അവഹേളന പരാമർശങ്ങളുമായി ചാണ്ടി ഉമ്മനെതിരെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.
“Travelling in the life line of Mumbai” എന്ന തലക്കെട്ടിലെ ഫോട്ടോയ്‌ക്കാണ് ആക്രമണം കൂടുതൽ. മഹാരാഷ്‌ട്ര അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഭാഗമായി പങ്കെടുത്ത നിരവധി യോഗങ്ങളുടെ ഫോട്ടോകൾ ചാണ്ടി ഉമ്മൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവയിലൊക്കെ ചില കമന്റുകൾ ഉണ്ടെങ്കിലും സെൽഫിക്ക് നേരെയുണ്ടായത് കനത്ത ആക്രമണമാണ്.

ചാണ്ടി ഉമ്മനെ അവഹേളിക്കാൻ അദ്ദേഹത്തിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയെയും വലിച്ചിഴക്കുകയാണ് മാങ്കൂട്ടത്തിൽ ഫാൻസ്. ഉമ്മൻചാണ്ടിയുടെ നേട്ടങ്ങൾ പുതുപ്പള്ളിയിലെ ജനങ്ങളെ പറഞ്ഞു ഫലിപ്പിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ വരേണ്ടി വന്നു എന്ന് തുടങ്ങിയ പുകഴ്‌ത്തലുകൾ പോലും അതിലുണ്ട്.
പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയില്ല എന്നുള്ള ആരോപണമാണ് പല കമെന്റുകളിലും ഉള്ളത് . സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഉടനെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ മുൻകൂട്ടി അറിയിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ നാടകത്തിനോട് ചാണ്ടി ഉമ്മൻ സഹകരിച്ചിരുന്നില്ല. അന്ന് മുതൽ പാലക്കാട്ടെ തെരെഞ്ഞെടുപ്പ് വേദികളിലൊന്നും ചാണ്ടി ഉമ്മനെ മാങ്കൂട്ടത്തിൽ ഗ്രൂപ്പുകാരോ, വി ഡി സതീശൻ ഉൾപ്പെടെയുളള നേതാക്കളോ പരിഗണിച്ചിരുന്നില്ല . ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ ഒതുങ്ങിയാൽ മതി കേരളത്തിൽ മുഴുവൻ സ്വാധീനമുണ്ടാക്കേണ്ട എന്നുള്ള വി ഡി സതീശന്റെ നിർദേശമാണ് ഇതിനു പിന്നിലെന്നാണ് ചാണ്ടി ഉമ്മാനോട് അടുപ്പമുള്ളവർ പറയുന്നത്.

എന്നാൽ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടർമാരെ ആകർഷിക്കുവാൻ വേണ്ടി മുൻകാലങ്ങളിൽ ഉമ്മൻചാണ്ടിയെ ഇറക്കിയിരുന്നതുപോലെ ഇക്കുറി ചാണ്ടി ഉമ്മനെ ഉപയോഗിക്കുകയായിരുന്നു കോൺഗ്രസ് നേതൃത്വം.
അതേ സമയം ചാണ്ടി ഉമ്മനെ ഒറ്റതിരിഞ്ഞു ആക്രമിക്കാനും ഒറ്റപ്പെടുത്താനുമുളള രാഹുൽ മാങ്കൂട്ടത്തിൽ – വി ഡി സതീശൻ – ഷാഫി പറമ്പിൽ അച്ചുതണ്ടിന്റെ ശ്രമത്തിനെതിരെ കോൺഗ്രസിലെ ക്രൈസ്തവർ പ്രതിഷേധത്തിലാണ്.















