ബംഗളൂരു: പ്രമുഖ സിനിമ-സിരിയൽ നടൻ വധശ്രമക്കേസിൽ അറസ്റ്റിൽ. കന്നഡ താരം താണ്ഡവ് റാമിനെയാണ് ചന്ദ്ര ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമ സംവിധായകൻ ഭരത് നവുന്ദയെയാണ് പ്രതി കൊലപ്പെടുത്താൽ ശ്രമിച്ചത്.
നിർമാതാവ് കുമാരസ്വാമിയുടെ സുബ്ബണ്ണ ഗാർഡന് സമീപമുള്ള വസതിയിലാണ് സംഭവം. പാതിവഴിയിൽ നിന്നുപോയ ദേവനാംപ്രിയ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നു. സിനിമയുടെ നിർമാണത്തിൽ പങ്കാളിയായ താണ്ഡവ് റാം 7 ലക്ഷം രൂപ ഭരതിന് നൽകിയിരുന്നു. ഭരതായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട മദ്ധ്യസ്ഥ ചർച്ചയക്ക് എത്തിയതായിരുന്നു ഇരുവരും.
വാക്കുതർക്കത്തിനിടെ താണ്ഡവ് കയ്യിൽ കരുതിയ തോക്ക് ഉപയോഗിച്ച് ഭരതിന് നേരെ വെടിവെക്കുകയായിരുന്നു. ലക്ഷ്യം തെറ്റിയ വെടിയുണ്ട ചുമരിൽ തറച്ചുകയറി. സാമ്പത്തിക തർക്കമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
കന്നഡ ടെലിവിഷൻ സീരിയലുകളിലെ ശ്രദ്ധേയ സാന്നിധ്യമാണ് താണ്ഡവ് റാം. ജോഡി ഹക്കി, ഭൂമിഗേ ബന്ധ ഭഗവന്ത തുടങ്ങിയ ജനപ്രിയ ടെലിവിഷൻ സീരിയലുകളിലെ പ്രധാന വേഷം ചെയ്തിട്ടുണ്ട്. സംഭവം കന്നഡ സിനിമ-സീരിയൽ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.