മംഗളൂരു: സ്വകാര്യ റിസോർട്ടിലെ നീന്തൽകുളത്തിൽ വീണ് യുവതികൾ മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജരും ഉടമയും അറസ്റ്റിൽ. മംഗളൂരുവിലെ വാസ്കോ റിസോർട്ട് ഉടമയായ മനോഹർ, മാനേജരായ ഭരതൻ എന്നിവരാണ് പിടിയിലായത്. സംഭവ സമയത്ത് ഡ്യൂട്ടിയിൽ ലൈഫ് ഗാർഡുകൾ ഉണ്ടായിരുന്നില്ലെന്നും അപകട സൂചന ബോർഡുകൾ സ്ഥാപിച്ചിരുന്നില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.
ഇരുവർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിസോർട്ടിലെത്തുന്നവർക്കായി യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ലെന്നും മതിയായ സ്റ്റാഫുകളോ ലൈഫ് ഗാർഡുകളോ റിസോർട്ടിലില്ലെന്നും മംഗളൂരു പൊലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
മംഗളൂരുവിലെ ഉള്ളാൽ ബീച്ചിന് സമീപത്തെ റിസോർട്ടിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മൈസൂർ സ്വദേശികളായ നിഷിത, പാർവതി, കീർത്തന എന്നിവരാണ് മുങ്ങിമരിച്ചത്. വിനോദയാത്രയ്‌ക്ക് വന്നതായിരുന്നു ഇവർ. സ്വിമ്മിംഗ് പൂളിന്റെ ഒരുവശത്ത് ആറടിയോളം താഴ്ചയുണ്ടായിരുന്നു. ഇവിടേക്ക് നീങ്ങിയ ആദ്യ യുവതി മുങ്ങിത്താഴുന്നത് കണ്ടപ്പോൾ മറ്റ് രണ്ട് പേരും രക്ഷിക്കാൻ ചെന്നു. ഇതോടെയാണ് മൂന്ന് പേരും മുങ്ങിമരിച്ചത്.