പത്തനംതിട്ട: പന്തളത്ത് ബ്ലാക്ക് മാൻ ഭീതി പരത്തി മോഷണം നടത്തിയ സംഭവത്തിൽ മൂന്നംഗ സംഘം പിടിയിൽ. കുരമ്പാല സ്വദേശിയായ അഭിജിത്തും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത്. അർദ്ധരാത്രിയിലാണ് സംഘം മോഷണങ്ങൾ നടത്തിയിരുന്നത്.
ബൈക്കിലെത്തുന്ന സംഘം മോഷണം നടത്തുകയും വീടുകൾക്ക് നേരെ കല്ലെറിയുകയും മറ്റ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. പ്രദേശത്ത് തുടർച്ചയായി മോഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് ഭീതിയിലായിരുന്നു നാട്ടുകാർ. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
നിരവധി മോഷണ കേസുകളിലെ പ്രതിയാണ് കേസിലെ മുഖ്യസൂത്രധാരനായ അഭിജിത്ത്. ഇയാൾ അടുത്തിടെയാണ് ജയിൽ മോചിതനായത്. ഇയാൾക്കൊപ്പം പിടിയിലായ മറ്റ് രണ്ട് പേർക്ക് 16 വയസ് മാത്രമാണ് പ്രായം. മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതികളാണ് ഇരുവരും.