പനജി: : 55-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. നവംബര്‍ 20 മുതല്‍ 28 വരെയാണ് മേള നടക്കുന്നത്. മൈക്കിള്‍ ഗ്രേയ്‌സി സംവിധാനം ചെയ്ത ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇംഗ്ലീഷ് ചിത്രമായ ‘ബെറ്റര്‍ മാന്‍’ ആണ് മേളയില്‍ ഉദ്ഘാടന ചിത്രം.
ബാംബോലിം ഡോ. ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവും സഹമന്ത്രി എൽ.മുരുകനും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.ശ്രീ ശ്രീ രവിശങ്കർക്കൊപ്പം നാഗാർജ്ജുന, നിത്യമേനോൻ, ബൊമൻ ഇറാനി തുടങ്ങിയ ചലച്ചിത്ര താരങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ലതാ മങ്കേഷ്‌കർക്ക് അന്ത്യാഞ്ജലിയായി എ.ആർ. റഹ്‌മാന്റെ പ്രത്യേക സംഗീത വിരുന്നുമുണ്ടാകും.
180-ലേറെ ചിത്രങ്ങളാണ് ഇത്തവണ വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. മേളയിൽ 25 ഫീച്ചർ ഫിലിമുകളും 20 നോൺഫീച്ചർ ഫിലിമുകളും പ്രദർശിപ്പിക്കും. ഫീച്ചർ വിഭാഗത്തിൽ ഉദ്ഘാടന ചിത്രം രൺദീപ് ഹൂഡ സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യ വീർ സവർക്കർ” (ഹിന്ദി). ഹർഷ് സംഗാനി സംവിധാനം ചെയ്ത ‘ഘർ ജൈസ കുച്ച്” (ലഡാക്കി) ആണ് നോൺഫീച്ചർ ഉദ്ഘാടന ചിത്രം.
നടനും സംവിധായകനും എഴുത്തുകാരനുമായ അശുതോഷ് ഗോവാരിക്കറാണ് അന്താരാഷ്‌ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാന്‍. പതിനഞ്ച് സിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം, ആദിത്യ സുഹാസ് ജംഭാലെയുടെ ആര്‍ട്ടിക്കിള്‍ 370, നിഖില്‍ മഹാജന്റെ രാവ്‌സാഹേബ് എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്ന ഇന്ത്യന്‍ സിനിമകള്‍.
ആടുജീവിതം, കൂടാതെ ഭ്രമയുഗം, ലെവൽ ക്രോസ് (ഇന്ത്യൻ പനോരമ), മഞ്ഞുമ്മൽ ബോയ്സ് (മെയിൻ സ്ട്രീം) എന്നീ മലയാള സിനിമകൾ പ്രദർശിപ്പിക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ഫീച്ചർ ഫിലിം ജൂറി അദ്ധ്യക്ഷൻ. നവാഗത സംവിധായകനെ കണ്ടെത്താനുള്ള മത്സരത്തിൽ രാഗേഷ് നാരായണന്റെ മലയാള ചിത്രം തണുപ്പ് അടക്കം അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഇന്ത്യൻ സിനിമയുടെ നാനാമുഖങ്ങളെ രൂപപ്പെടുത്തിയ രാജ് കപൂർ, തപൻ സിൻഹ, അക്കിനേനി നാഗേശ്വര റാവു, മുഹമ്മദ് റാഫി എന്നിവരെ മേളയിൽ ആദരിക്കും. ‘കൺട്രി ഒഫ് ഫോക്കസ്” വിഭാഗത്തിൽ ഏഴ് ഓസ്‌ട്രേലിയൻ സിനിമകൾ പ്രദർശിപ്പിക്കും.
മെയിന്‍ സ്ട്രീം വിഭാഗത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സ്, വിനു വിനോദ് ചോപ്രയുടെ 12th ഫെയില്‍, നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് പ്രഭാസ് നായകനായെത്തിയ കല്‍ക്കി 2898 എ.ഡി. എന്നിവയും പ്രദര്‍ശിപ്പിക്കും.















