റോബോട്ടിക്‌സ് യുഗത്തിലൂടെ കടന്നുപോകുന്ന ലോകത്തെ കൂടുതൽ ശക്തിപ്പെടുത്താൻ മുകേഷ് അംബാനിയും. ഇന്ത്യയിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് അവതരിപ്പിക്കാനൊരുങ്ങി ആഡ്‌വെർബ് ടെക്‌നോളജീസ്. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ആഡ്‌വെർബ് ടെക്‌നോളജീസ്. 2025 ഓടെ ഹ്യൂമനോയിഡ് റോബോട്ടുകളെ പുറത്തിറക്കുമെന്നാണ് വിവരം.
റീട്ടെയിൽ, ഊർജം, ഫാഷൻ തുടങ്ങിയ വ്യാവസായിക മേഖലകളുയുമായി ബന്ധപ്പെട്ട സങ്കീർണ ജോലികൾ വളരെ എളുപ്പത്തിൽ നിർവഹിക്കാൻ സാധിക്കുന്ന റോബോട്ടുകളെയായിരിക്കും രൂപകൽപ്പന ചെയ്യുക. ആഗോളതലത്തിൽ ഹ്യൂമനോയിഡ് റോബോട്ടിക്‌സ് നിർമാണ കമ്പനികളായ മസ്‌കിന്റെ ടെസ്‌ല, ബോസ്റ്റൺ ഡൈനാമിക്‌സ്, എലിറ്റി റോബോട്ടിക്‌സ് തുടങ്ങിയ കമ്പനികൾക്കൊപ്പം കിടപിടിക്കുന്നതായിരിക്കും ആഡ്‌വെർബ് ടെക്‌നോളജിയുടെ പദ്ധതികൾ. ‘ ആത്മനിർഭര ഭാരതത്തെ’ സൂചിപ്പിക്കുന്നതാണ് ഇന്ത്യയുടെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടിക് പദ്ധതി.
നൂതന ജിപിയു സാങ്കേതിവിദ്യ, ഡ്യുവൽ ആംസ്, എനർജി ആക്യുവേറ്റർ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ റോബോട്ടിൽ ഘടിപ്പിക്കും. 3D ജോലികൾ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന റോബോട്ടുകളായിരിക്കും ഇവ.
അപകടകരമായ ജോലികൾ നിർവഹിക്കാൻ സാധിക്കുന്ന തരത്തിലും ഈ റോബോട്ടുകളെ രൂപകൽപന ചെയ്യുമെന്ന് ആഡ്‌വെർബ് ടെക്‌നോളജീസിന്റെ സഹസ്ഥാപകനായ സംഗീത് കുമാർ പറഞ്ഞു. ആഡ്‌വെർബ് ഹ്യൂമനോയിഡുകൾ വരുന്നതോടെ 20,000-25,000 ഡോളർ വിലയിൽ ടെസ്‌ല നിർമിച്ച ഒപ്റ്റിമസ് റോബോട്ടുകൾക്ക് കനത്ത തിരിച്ചടിയായിരിക്കുമെന്നാണ് വിവരം.