സിനിമാ പ്രേമികൾ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ് റൂൾ’ റിലീസിന് ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത് . ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിൽ ചിത്രം എത്തുന്നത്.സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ്. ചിത്രം യുഎസ്എയിലെ പ്രീ-ബുക്കിംഗിൽ ശ്രദ്ധേയമായ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്.
യുഎസിലെ പ്രീമിയർ ഷോകളുടെ പ്രീ-സെയിൽസിൽ 1 മില്യൺ ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ചിത്രം. ഒപ്പം പ്രീബുക്കിംഗ് ഇനിയും വര്‍ദ്ധിക്കും എന്നാണ് വിവരം. അമേരിക്കയിൽ മൈത്രി മൂവി മേക്കേഴ്സിന് വേണ്ടി ചിത്രം വിതരണം ചെയ്യുന്ന പ്രതിയങ്കര സിനിമാസാണ് പ്രീ സെയില്‍ ഒരു ദശലക്ഷം ഡോളര്‍ പിന്നിട്ട കാര്യം പ്രഖ്യാപിച്ചത്. വാർത്ത പ്രതിയങ്കര സിനിമാസ് സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവച്ചിട്ടുണ്ട്.
കൂടാതെ ലോകമെങ്ങും ഫാൻസ് ഷോകള്‍ക്കുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോയിക്കൊണ്ടിരിക്കുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.