ലോകം കണ്ട ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാൾ.. സംഗീതം കൊണ്ട് ശ്രോതാക്കളെ മായാലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ വ്യക്തിത്വം.. അനശ്വരഗാനങ്ങൾ സമ്മാനിച്ച എആർ റഹ്മാൻ.. ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ ARR.. അദ്ദേഹത്തിന്റെ വിവാഹമോചന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടറിഞ്ഞത്. ഭാര്യ സൈറ ബാനു തന്റെ അഭിഭാഷക മുഖേന പ്രസ്താവന ഇറക്കുകയായിരുന്നു. ഇതിന് പിന്നാലെ റഹ്മാനും ഡിവോഴ്സ് സ്ഥിരീകരിച്ച് എക്സിൽ പോസ്റ്റിട്ടു. ഇതോടെ സംഗീതജ്ഞനെ എയറിൽ കയറ്റിയിരിക്കുകയാണ് ട്രോളന്മാർ.
അത്യധികം വൈകാരികമായ തലങ്ങളിലൂടെ ദമ്പതികൾ കടന്നുപോകേണ്ടി വരുന്ന ഘട്ടമായാണ് വിവാഹമോചനത്തെ പൊതുവെ കണക്കാക്കാറുള്ളത്. ഓർമകൾ വേദനകളായി തിരിഞ്ഞുകൊത്തുന്ന സമയം. ഈയൊരു അവസരത്തിൽ തന്റെ എക്സ് പോസ്റ്റിന് താഴെ എആർ റഹ്മാൻ നൽകിയ ഹാഷ് ടാഗാണ് ട്രോളന്മാരെ ഉണർത്തിയത്. #arrsairaabreakup എന്ന ഹാഷ്ടാഗായിരുന്നു ഡിവോഴ്സ് കുറിപ്പിൽ റഹ്മാൻ കൂട്ടിച്ചേർത്തത്.
നിങ്ങളുടെ സോഷ്യൽമീഡിയ അഡ്മിനെ എത്രയും പെട്ടെന്ന് പുറത്താക്കണം, ഇത്തരമൊരു അവസരത്തിൽ ഹാഷ്ടാഗ് ഇട്ട ബുദ്ധിമാൻ ആരാണ്? – എന്ന് എക്സിൽ ചിലർ കമന്റെഴുതി.
സർക്കാസ കുറിപ്പുകളെഴുതി ശ്രദ്ധേയനായ ദന്തഡോക്ടർ അരവിന്ദ് കൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റും ARRനെ ട്രോളുന്നതായിരുന്നു. സ്വന്തം ഡിവോഴ്സ് ഹാഷ് ടാഗ് ഇട്ടു അനൗൺസ് ചെയ്യുന്ന പ്രത്യേക തരം മനുഷ്യരുള്ള കാലം – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.