ഭോപ്പാൽ: ഫംഗസ് ബാധിച്ച കോഡോ മില്ലറ്റ് കഴിച്ച് ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ 11 ആനകൾ ചത്ത സംഭവത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. മധ്യപ്രദേശിലെ ആനകളുടെ സംരക്ഷണത്തിന് കടുവ സംരക്ഷണ ഫണ്ടിന് കീഴിൽ ധനസഹായം അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ഫോറസ്റ്റ് ഡയറക്ടർ ജനറൽ ജിതേന്ദ്ര കുമാർ അടുത്ത 25 വർഷത്തേക്കുള്ള വന്യജീവി കർമ്മ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ നവംബർ 12 ന് മധ്യപ്രദേശ് സന്ദർശിച്ചിരുന്നു. ഈ അവസരത്തിലാണ് ആനകളുടെ സംരക്ഷണത്തിനുള്ള ഫണ്ട് വാഗ്ദാനം ചെയ്തത്. ആനകളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനും മൃഗ-മനുഷ്യ സംഘട്ടനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുമായി കൺട്രോൾ റൂമുകൾ സ്ഥാപിക്കാനും സംസ്ഥാന വനംവകുപ്പ് പദ്ധതിയിടുന്നു
അയൽ സംസ്ഥാനമായ ഛത്തീസ്ഗഢിലെ അതിർത്തി വനപ്രദേശത്തുനിന്നും ഇടയ്‌ക്കിടെ ആനകൾ മധ്യപ്രദശിലെത്തുന്നുണ്ട്. 2017-18 കാലഘട്ടത്തിൽ ഇങ്ങനെയെത്തിയ 47 ആനകൾ ബാന്ധവ്ഗഡിൽ തന്നെ തുടരുന്നുണ്ട്. ബാന്ധവ്ഗഡിൽ ഇപ്പോൾ 100 ആനകളുണ്ടെന്നാണ് കണക്ക്. ഫംഗസ് ബാധയുള്ള തീറ്റ കഴിച്ച് 11 ആനകൾ ചത്തതിനെ തുടർന്ന് എലിഫൻ്റ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചിരുന്നു















