കോഴിക്കോട്: ശക്തമായ ഇടിമിന്നലിൽ പൊള്ളലേറ്റ് വിദ്യാർത്ഥിനിയുടെ കാലിന് പരിക്ക്. കോഴിക്കോട് ചേളന്നൂർ സ്വദേശി മാളവികയ്‌ക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥിനിയുടെ ഉൾപ്പെടെ, പ്രദേശത്തെ 8 വീടുകളിൽ വ്യാപക നാശനഷ്ടമുണ്ടായി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. അമ്പലത്തുകുളങ്ങരയിലെ വാടകവീട്ടിലാണ് മാളവിക താമസിക്കുന്നത്. പരിക്കേറ്റ 20 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. മാളവികയുടെ വീട്ടിലെ നിരവധി ഗൃഹോപകരണങ്ങൾ നശിച്ച നിലയിലാണ്. വൈദ്യുതി മീറ്റർ പൊട്ടിത്തെറിച്ചിരുന്നു. ടിവി, ഫ്രിഡ്ജ്, വയറിംഗ് തുടങ്ങിയവും കത്തിനശിച്ചു.
ചേളന്നൂർ സ്വദേശി വിജയന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. പ്രദേശത്തെ മറ്റ് വീടുകളിലെയും ഗൃഹോപകരണങ്ങൾ കത്തിനശിച്ച് വ്യാപക നാശനഷ്ടമാണുണ്ടായത്. കെഎസ്ഇബി ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ അപകടങ്ങൾ നടന്ന വീടുകൾ സന്ദർശിച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇടിമിന്നോട് കൂടിയ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുണ്ടെന്നും തെക്കൻ ആൻഡമാൻ കടലിൽ വ്യാഴാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുള്ളതായും മുന്നറിയിപ്പിൽ പറയുന്നു.















