കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഇടപെട്ട് ഹൈക്കോടതി. കാഴ്ചകൾ കണ്ടുനടന്നാൽ കുഴിയിൽ വീഴുമെന്ന അവസ്ഥയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഫ്രഞ്ച് പൗരൻ ഓടയിൽ വീണ് പരിക്കേറ്റ സംഭവം പരിഗണിച്ചായിരുന്നു കോടതിയുടെ വിമർശനം. ഫ്രഞ്ചിനെ കൂടാതെ ഇറ്റാലിയൻ, അമേരിക്കൻ പൗരന്മാരെ കൂടി കണ്ടുപിടിച്ച് കൊണ്ടുവന്ന് കൊച്ചിയിലെ റോഡിലെ ഓടകളിൽ വീഴ്ത്തണമെന്നും കോടതി പരിഹസിച്ചു.
ഒരിടത്തെങ്കിലും മികച്ച നടപ്പാത ഇല്ല. എന്തൊരു നഗരമാണിത്? കൊച്ചിയിൽ ഏത് റോഡും നടപ്പാതയുമാണ് സുരക്ഷിതമായുള്ളത്? എം.ജി റോഡിലെ നടപ്പാതയുടെ അവസ്ഥ തീർത്തും സങ്കടകരമാണ്. കാഴ്ചകൾ കണ്ട് നടന്നാൽ ഇവിടെ കുഴിയിലാകും. വേണ്ട ശ്രദ്ധയില്ലെങ്കിൽ കുഴിയിൽ വീഴും എന്നതാണ് അവസ്ഥ. സീബ്രാ ക്രോസിംഗിന്റെ മുകളിൽ കാറിടുന്നു, എല്ലാ നടപ്പാതകളിലും കാറുകൾ പാർക്ക് ചെയ്യുന്നു, എന്തിനാണ് ഇവിടെ പൊലീസുകാർ? – കോടതി ചോദിച്ചു.
കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയേയും കളക്റെയും വിളിച്ചു വരുത്താമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചി എം.ജി റോഡിലെ നടപ്പാത പുനഃസ്ഥാപിക്കണമെന്ന് നിർദേശിച്ച കോടതി, നഗരത്തിലെ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വം ജില്ലാ കളക്ടർക്കാണെന്ന് വ്യക്തമാക്കി. മുൻകാല ഉത്തരവുകൾ പരിശോധിച്ച് നടപടിയെടുക്കണമെന്നും കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. വിഷയം ഒരാഴ്ച കഴിഞ്ഞ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.