കോഴിക്കോട്: കേരളത്തിലെ രണ്ട് പ്രധാന മുന്നണികളും എസ്ഡിപിഐയുടെ വോട്ട് വാങ്ങിയിട്ടുണ്ടെന്നും പാർട്ടിയുടെ ത്യാഗമനോഭാവം കൊണ്ടാണ് എൽഡിഎഫും യുഡിഎഫും പല മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും ഭരണം പിടിച്ചിരിക്കുന്നതെന്നും എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കി. കോഴിക്കോട് സംഘടിപ്പിച്ച പാർട്ടി സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളെ കാണുകയായിരുന്നു നേതൃത്വം. നേമം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ SDPI കനിഞ്ഞതുകൊണ്ടാണ് ബിജെപിയെ തോൽപ്പിക്കാൻ ഇരുമുന്നണികൾക്കും സാധിച്ചതെന്നും അവർ അറിയിച്ചു.
എസ്ഡിപിഐയ്‌ക്ക് 142 ബൂത്ത് കമ്മിറ്റികളുള്ള മണ്ഡലമാണ് മഞ്ചേശ്വരം. അവിടെ എസ്ഡിപിഐ മത്സരിക്കാതിരിക്കുന്നത് ബിജെപി ജയിക്കാനുള്ള സാധ്യത കണ്ടിട്ടാണ്. അത്തരം ത്യാഗ നിലപാട് സ്വീകരിക്കുന്ന എസ്ഡിപിഐയോട് മാന്യമായ സമീപനം സ്വീകരിക്കാതിരുന്നാൽ ഞങ്ങൾ തിരിച്ചും അത്തരത്തിൽ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. എസ്ഡിപിഐ വേണമെന്ന് വച്ചാൽ മഞ്ചേശ്വരത്തെ മത്സരം ബിജെപി VS എസ്ഡിപിഐ എന്നാക്കി മാറ്റാൻ സാധിക്കും.
കോൺഗ്രസിനെ മാത്രമല്ല എൽഡിഎഫിനെയും പലകുറി സഹായിട്ടുണ്ട്. നേമത്ത് എസ്ഡിപിഐ മത്സരിക്കാതിരുന്നത് കൊണ്ട് മാത്രമാണ് വി. ശിവൻകുട്ടി വിജയിച്ചത്. അവിടെ ഒരിക്കൽ ബിജെപി വിജയിച്ചപ്പോൾ എസ്ഡിപിഐ നല്ലപോലെ ഗ്രൗണ്ട് വർക്ക് നടത്തി. അതുകൊണ്ടാണ് ശിവൻകുട്ടി ഇന്ന് മന്ത്രിസഭയിലിരിക്കുന്നത്.
ബിജെപി വിരുദ്ധ നിലപാടിന്റെ പേരിൽ എന്നും ഒരേ രാഷ്‌ട്രിയ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാൻ കഴിയില്ല. അതത് സമയത്തെ സാഹചര്യത്തിന് അനുസരിച്ചാണ് വോട്ട് നൽകുകയും സ്ഥാനാർത്ഥിയെ നിർത്തണമോ വേണ്ടയോ എന്ന് SDPI തീരുമാനിക്കുകയും ചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി ചർച്ച നടത്തിയിരുന്നുവെന്നും SDPI-യോട് ശരിയായ നിലപാട് സ്വീകരിക്കാത്ത രാഷ്‌ട്രീയ പാർട്ടികൾക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും SDPI നേതൃത്വം പ്രതികരിച്ചു.















