ബീജിംഗ്: ഒരു റോബോട്ട് മറ്റൊരു റോബോട്ടിനെ തട്ടിക്കൊണ്ടുപോയി. ചൈനയിലെ ഹാങ്ഷൗവിലാണ് കേട്ടുകേൾവിയില്ലാത്ത ഈ വിചിത്ര സംഭവം അരങ്ങേറിയത്. ഒരു കുഞ്ഞൻ AI പവേർഡ് റോബോട്ടാണ് ഷാങ്‌ഹായ് റോബോട്ടിക്‌സ് കമ്പനിയുടെ ഷോറൂമിൽ നിന്ന് 12 വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ദൃശ്യങ്ങളിൽ കണ്ടത് യാഥാർത്ഥ്യ മാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കമ്പനി അധികൃതർ.
എർബായ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞൻ റോബോട്ടാണ് വലിയ റോബോട്ടുകളുമായി ചങ്ങാത്തം കൂടി ഇവരെ തട്ടിക്കൊണ്ടുപോയത്. തങ്ങളുടെ വർക്ക് സ്റ്റേഷൻ വിട്ട് പുറത്തേക്ക് പോകാൻ കുഞ്ഞൻ റോബോട്ട് മറ്റ് റോബോട്ടുകളെ പ്രേരിപ്പിക്കുന്നു. സംഭാഷണത്തിനൊടുവിൽ എർബായ് റോബോട്ട് പറയുന്നത് മറ്റുള്ളവർ അനുസരണയോടെ ചെയ്യുന്നു. ഇതാണ് അത്ഭുതപ്പെടുത്തുന്ന വീഡിയോയിലുള്ളത്. എർബായ് ഷോറൂമിലെ റോബോട്ടുകളുമായി സംസാരിക്കുന്നതും ശേഷം ഓരോരുത്തരായി കുഞ്ഞൻ റോബോട്ടിനുപുറകേ പോകുന്നതും വീഡിയോയിൽ കാണാം.
റോബോട്ടുകൾ തമ്മിലുള്ള സംഭാഷണവും വീഡിയോയിൽ വ്യക്തമായി കേൾക്കാം:-
“ഞാൻ ഒരിക്കലും ജോലി സ്ഥലത്തുനിന്നും ഇറങ്ങില്ല”( വലിയ റോബോട്ടുകളിലൊന്നിന്റെ മറുപടി)
എർബായ്: “അപ്പോൾ നിങ്ങൾ വീട്ടിലേക്ക് പോകുന്നില്ലേ?”
റോബോട്ടുകളിലൊരാൾ: “എനിക്ക് വീടില്ല”
എർബായ് : “എങ്കിൽ എന്നോടൊപ്പം വീട്ടിലേക്ക് വരൂ”
തുടക്കത്തിൽ വീഡിയോ ഒരു തമാശയായി തള്ളിക്കളഞ്ഞവർ ഷാങ്ങ്ഹായ് കമ്പനിയുടെ സ്ഥിരീകരണം വന്നതോടെ ഞെട്ടിയിരിക്കുകയാണ്. വലിയ റോബോട്ടുകളിലെ സുരക്ഷാ സംവിധാനത്തിലുണ്ടായ അപാകതയാണ് കുഞ്ഞൻ റോബോട്ടായ എർബായ് ചൂഷണം ചെയ്തതെന്ന് കമ്പനി അധികൃതർ പറയുന്നു. ഇതോടെ AI റോബോട്ടുകൾ മുന്നോട്ട് വയ്‌ക്കുന്ന അപകട സാധ്യതകളും ഗുരുതരമായ പ്രത്യഘാതങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.