ലാവോസ്: ചൈനീസ് പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിംഗ്. ലാവോസിലെ വിയന്റിയനിൽ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധമന്ത്രിമാരുടെ 11-ാമത് ആസിയാൻ മീറ്റിംഗ്-പ്ലസ് ലാവോസിൽ എത്തിയതായിരുന്നു രാജ്നാഥ് സിംഗ്. ചൈനീസ് പ്രതിരോധമന്ത്രി അഡ്മിറൽ ഡോങ് ജുനുമായി ഉന്നതതല ചർച്ചകൾ നടത്തിയെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു.
ആഗോളസമാധാനത്തെയും പുരോഗതിയേയും അനുകൂലമായി സ്വാധീനിക്കാൻ ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹാർദപരമായ ബന്ധം വഴിവെക്കുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. പരസ്പര വിശ്വാസവും ധാരണയും പുനഃസൃഷ്ടിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഇരുകൂട്ടരും സമ്മതിച്ചു. സംഘർഷത്തേക്കാൾ സഹകരണത്തിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഇരുരാജ്യങ്ങളും മികച്ച അയൽക്കാരായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഴക്കൻ ലഡാക്കിലെ അതിർത്തി മേഖലകളിൽ നിന്ന് ഇരുരാജ്യങ്ങളും സൈനിക പിന്മാറ്റം നടത്തുകയെന്ന ചരിത്ര തീരുമാനം കൈക്കൊണ്ട ശേഷം ആദ്യമായാണ് പ്രതിരോധമന്ത്രിമാർ കൂടിക്കാഴ്ച നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
ആസിയാൻ മീറ്റിംഗ്-പ്ലസിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാജ്നാഥ് സിംഗ് വിയന്റിയനിൽ എത്തിയത്. നവംബർ 21നാണ് ആസിയാൻ മീറ്റിംഗ്-പ്ലസ് നടക്കുക. പ്രാദേശിക, അന്തർദേശിയ സുരക്ഷാപ്രശ്നങ്ങളെക്കുറിച്ച് മീറ്റിംഗ് പ്ലസിൽ അദ്ദേഹം അഭിസംബോധന ചെയ്യും. ദക്ഷിണകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അസോസിയേഷനാണിത്.















