മോസ്‌കോ: ഉത്തരകൊറിയയ്‌ക്കായി പ്രത്യേക സമ്മാനം കൈമാറി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഒരു ആഫ്രിക്കൻ സിംഹവും, രണ്ട് കരടികളും ഉൾപ്പെടെ 70ഓളം മൃഗങ്ങളെയാണ് മോസ്‌കോയിലെ മൃഗശാലയിൽ നിന്ന് ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലെ മൃഗശാലയിലേക്ക് മാറ്റിയത്. കൊറിയൻ ജനതയ്‌ക്കുള്ള പുടിന്റെ സമ്മാനമാണിതെന്നാണ് റഷ്യൻ സർക്കാർ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നത്.
പ്രത്യേക വിമാനത്തിലാണ് ഇവയെ പ്യോങ്യാങ് സെൻട്രൽ മൃഗശാലയിലേക്ക് എത്തിച്ചത്. റഷ്യയിലെ മന്ത്രിസഭാംഗമായ അലക്‌സാണ്ടർ കോസ്ലോവിന്റെ നേതൃത്വത്തിലാണ് ഇവയെ പ്യോങ്‌യാങ്ങിലേക്ക് എത്തിച്ചത്. മോസ്‌കോ മൃഗശാലയിൽ നിന്നുള്ള മൃഗഡോക്ടർമാരുടെ സംഘവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. മൃഗശാലയിൽ ഇവയെ എത്തിച്ചതിന്റെ ദൃശ്യങ്ങളും റഷ്യൻ സർക്കാർ പുറത്ത് വിട്ടിട്ടുണ്ട്.
സിംഹത്തിനും കരടികൾക്കും പുറമെ യാക്ക്, വൈറ്റ് കൊക്കറ്റ്, ഫെസന്റ്, മാൻഡറിൻ ഡക്ക്‌സ് എന്നിവയും കൈമാറിയവയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഏപ്രിലിലും കഴുകൻ, തത്ത എ്ന്നിവ ഉൾപ്പെടെ വ്യത്യസ്ത ഇനം പക്ഷികളെ റഷ്യ പ്യോങ്യാങ് സെൻട്രൽ മൃഗശാലയിലേക്ക് കൈമാറിയിരുന്നു. നേരത്തെ കിം ജോങ് ഉന്നിന് വേണ്ടി 24 കുതിരകളെ പുടിൻ സമ്മാനിച്ചിരുന്നു. ഇതിന് പിന്നാലെ കിം ജോങ് ഉൻ പുങ്‌സാൻ ഇനത്തിൽ പെട്ട നായകളെയാണ് പുടിന് സമ്മാനമായി കൈമാറിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം സമ്മാനങ്ങളുടെ കൈമാറ്റം. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഇരുരാജ്യങ്ങളും അടുത്തിടെ ശക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ സൈനികതലത്തിലും ഇരുകൂട്ടരും പരസ്പരബന്ധം ഊട്ടിയുറപ്പിച്ച് കഴിഞ്ഞു. യുക്രെയ്‌നുമായുള്ള യുദ്ധത്തിൽ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് 10,000ത്തിലധികം ഉത്തരകൊറിയൻ സൈനികരെയാണ് യുക്രെയ്ൻ-റഷ്യ അതിർത്തിയിലെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.















