പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ബിജെപി, എൻഡിഎ പ്രവർത്തകർ വളരെ ആവേശത്തോടെ തെരഞ്ഞെടുപ്പിനായി പ്രവർത്തിച്ചു. ബിജെപിയുടെ വോട്ടുകൾ കൃത്യമായി പോളിംഗ് ചെയ്തിട്ടുണ്ട്. എൽഡിഎഫ്- യുഡിഎഫ് ദുഷ്പ്രചരണങ്ങൾ മറികടന്ന് ബിജെപി വിജയിക്കുമെന്നും സി കൃഷ്ണകുമാർ പറഞ്ഞു. ജനം ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്കൊപ്പമാണ് നിലകൊണ്ടത്. അവസാന ദിവസങ്ങളിൽ കോൺഗ്രസ് വളരെയധികം പ്രതിരോധത്തിലായി. എന്നാൽ ബിജെപിക്ക് ലഭിക്കേണ്ട പോളിംഗ് കൃത്യമായി ലഭിച്ചിട്ടുണ്ട്. മറ്റ് രണ്ട് സ്ഥാനാർത്ഥികൾക്കും പരിചയപ്പെടുത്തേണ്ട സാഹചര്യമുണ്ടായിരുന്നു. സാധാരണ വോട്ടർമാരെ സംബന്ധിച്ച് എൽഡിഎഫ്- യുഡിഎഫ് സ്ഥാനാർത്ഥികൾ പുതുമുഖങ്ങളാണ്. അതിനാൽ യുഡിഎഫിന്റെ മിക്ക കോട്ടകളിലും പോളിംഗ് ശതമാനവും കുറഞ്ഞിട്ടുണ്ട്.”- സി കൃഷ്ണകുമാർ പറഞ്ഞു.
കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ മെട്രോമാനുണ്ടായ പരാജയത്തിന് പകരമായി ഇത്തവണ എൻഡിഎയെ വിജയിപ്പിക്കണമെന്ന് തീരുമാനിച്ച് ഉറപ്പിച്ച രീതിയിലായിരുന്നു ഓരോ വോട്ടർമാരും ഇടപഴകിയത്. പാലക്കാട്ടെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ബിജെപി എക്കാലവും ശ്രമിച്ചിട്ടുണ്ട്. വികസന വിഷയങ്ങൾ പറയുന്നതിനൊപ്പം നെൽകർഷകരുടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ട്രാക്ടർ റാലി സംഘടിപ്പിച്ചു.
എൻഡിഎ, ട്രാക്ടർ റാലി സംഘടിപ്പിച്ചതോടെ യുഡിഎഫും റാലി സംഘടിപ്പിച്ചു. എൽഡിഎഫ് ആകട്ടെ സപ്ലൈകോ ഉദ്യോഗസ്ഥരെ കർഷകരുടെ വീടുകളിലേക്ക് പറഞ്ഞുവിടേണ്ട സ്ഥിതി ഉണ്ടായെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. ഓരോ പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം നേരിട്ടിരുന്നു. ഇത്തരം പ്രശ്‌നങ്ങളെല്ലാം ചൂണ്ടിക്കാട്ടി എൻഡിഎ മുന്നോട്ടു വന്നിരുന്നുവെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ എക്കാലവും ഇടപെടുമെന്നും സി കൃഷ്ണകുമാർ വ്യക്തമാക്കി.















