ചെന്നൈ: കഴിഞ്ഞ ദിവസം 40ാം ജന്മദിനത്തിലാണ് നയൻതാരയുടെ ഡോക്യുമെന്ററിയായ ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ’ നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തത്. നയൻതാര അഭിനയിച്ച നാനും റൗഡി താനിലെ രംഗങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ധനുഷുമായി ഉണ്ടായ അസ്വാരസ്യങ്ങൾ ഉൾപ്പെടെ വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ തന്റെ എല്ലാ സിനിമകളിൽ നിന്നുമുള്ള ദൃശ്യങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകിയ എല്ലാ നിർമ്മാതാക്കൾക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നയൻതാര. ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഉൾപ്പെടെ തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലെ വിവിധ നിർമാതാക്കൾക്ക് നയൻതാര നന്ദി അറിയിക്കുന്നുണ്ട്.
ഇൻസ്റ്റഗ്രാമിലാണ് നയൻതാര ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവച്ചത്. ” കഴിഞ്ഞ 20 വർഷത്തെ എന്റെ കരിയറിൽ ഞാൻ നേടിയ ഏറ്റവും വിലപ്പെട്ട കാര്യമെന്ന് പറയുന്നത്, ഒപ്പം പ്രവർത്തിച്ചവരിൽ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള സ്‌നേഹവും ബഹുമാനങ്ങളും സൗഹൃദവുമാണ്. എന്നെ പിന്തുണച്ച ഓരോ നിർമ്മാതാക്കളോടും ഈ അവസരത്തിൽ നന്ദി അറിയിക്കുകയാണ്. അവരുടെ മാന്യതയ്‌ക്കും നല്ല മനസിനുമെല്ലാം നന്ദി പറയുന്നതായും” നയൻതാര കുറിച്ചു.
37ഓളം നിർമാതാക്കളുടെ പേര് നയൻതാര തന്റെ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, ചിരഞ്ജീവി, രാം ചരൺ, എ ആർ മുരുഗദോസ്, ഉദയനിധി സ്റ്റാലിൻ മലയാളത്തിൽ നിന്നും രാപ്പകലിന്റെ സിനിമാ നിർമാതാവായ ഹൗളി പോട്ടൂർ, രസിക എന്റർടെയ്ൻമെന്റ്‌സിലെ എൻ ബി വിന്ധ്യൻ, വർണചിത്ര പ്രൊഡക്ഷൻസ് മഹ സുബൈർ, അമ്മ ഇന്റർനാഷണലിലെ അബ്ദുൾ ഹമീസ് മുഹമ്മദ് ഫസി എന്നിവരുടെ പേരുകളും പരാമർശിക്കുന്നുണ്ട്.
നാനും റൗഡി താനിലെ ദൃശ്യങ്ങൾ ഉപയോഗിക്കാൻ നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാൻ ധനുഷ് വിസമ്മതിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര രംഗത്തെത്തിയിരുന്നു. ധനുഷിൽ നിന്നും അനുമതി ലഭിക്കുന്നതിന് വേണ്ടി മാത്രം വർഷങ്ങൾ കാത്തിരുന്നതായും നയൻതാര വെളിപ്പെടുത്തിയിരുന്നു. സെറ്റിൽ നിന്നും മൊബൈലിൽ ചിത്രീകരിച്ച മൂന്ന് സെക്കന്റ് ദൃശ്യം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിന്റെ പേരിലാണ് നടൻ ധനുഷ് കോപ്പിറൈറ്റ് ഇനത്തിൽ 10 കോടി രൂപ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് നയൻതാര ധനുഷിനെതിരെ തുറന്നകത്ത് പങ്കുവച്ചത്.















