ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ആക്രമണം. പാസഞ്ചർ വാനുകൾക്ക് നേരെ നടന്ന വെടിവെപ്പിൽ 50ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 38 പേരുടെ മരണം പ്രവിശ്യാ സെക്രട്ടറി നദീം അസ്ലം ചൗധരി സ്ഥിരീരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാകിസ്താനിലെ ഖൈബർ പഖ്തൂങ്ക്വാ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.
ഷിയാ മുസ്ലീങ്ങൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെയായിരുന്നു ആക്രമണം. അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന കുറം ജില്ലയിലാണ് സംഭവമുണ്ടായത്. പരചിനാറിൽ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്നു വാഹനങ്ങൾ. പെട്ടെന്നൊരു തോക്കുധാരിയെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ എട്ട് സ്ത്രീകളും അഞ്ച് കുട്ടികളും ഉണ്ടെന്നാണ് റിപ്പോർട്ട്.
വിഭാഗീയ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ധാരാളം സുന്നികളും ഷിയ മുസ്ലീങ്ങളും സഹവസിക്കുന്ന ജില്ലയാണ് കുറം. ഇവിടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുസമുദായങ്ങളും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇരുവിഭാഗവും ഏറ്റുമുട്ടിയിരുന്നു. ഇപ്പോൾ സംഭവിച്ച വെടിവെപ്പും വിഭാഗീയതയുടെ പേരിലാണെന്നാണ് സൂചന.















