സംഘർഷങ്ങൾ പരിഹരിക്കാൻ ലോകം ബുദ്ധമത സിദ്ധാന്തങ്ങൾ സ്വീകരിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ആഗോള സമാധാനമാണ് പ്രധാനമെന്നും സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമാധാനപരമയ സഹവർത്തിത്വം ഓർമിപ്പിക്കുന്ന ബുദ്ധമത സിദ്ധാന്തങ്ങൾ എല്ലാവരും സ്വീകരിക്കണം. ലോകം ധ്രുവീകരിക്കപ്പെടുകയാണ്. ഇത് ലോകക്രമത്തിൽ തന്നെ സമ്മർദ്ദം വർദ്ധിക്കാൻ കാരണമാകുന്നു. ലാവോസിൽ നടന്ന 11-ാമത് ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
ബുദ്ധൻ ജീവിതത്തിലുടനീളം പ്രകൃതിയുമായി ഇണങ്ങിയാണ് ജീവിച്ചത്. പ്രകൃതിക്ക് ദോഷമേൽക്കാത്ത വിധത്തിൽ കഴിയാനും സഹജീവികളുമൊത്ത് ജീവിക്കാനും പഠിപ്പിക്കുന്ന ബുദ്ധമതം ലോകത്തിന് തന്നെ മാതൃകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. സമകാലിക കാലത്ത് ബുദ്ധമതത്തിന്റെ സവിശേഷതകൾ ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. ബുദ്ധൻ നൽകിയ ദർശനങ്ങൾ ജീവിതത്തോട് ചേർത്ത് വായിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
തുറന്ന ചർച്ചകളും സഹകരണവും പ്രോത്സാഹിപ്പിക്കപ്പെടണം. അത് സുസ്ഥിര പങ്കാളിത്തത്തിന് അടിത്തറയിടുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സങ്കീർണമായ അന്താരാഷ്‌ട്ര പ്രശ്നങ്ങൾ പരിഹരിക്കാനായി ഇന്ത്യ ഇടപെടലുകൾ നടത്തുന്നു. തുറന്ന ആശയവിനിമയത്തിനും സമാധാനപരമായ ചർച്ചകൾക്കുമുള്ള ഭാരതത്തിന്റെ താത്പര്യം വ്യക്തമാണ്. അതിർത്തി തർക്കങ്ങൾ മുതൽ വ്യാപാര കരാറുകളിൽ വരെയുള്ള ഇന്ത്യയുടെ സമീപനം അതിന് ഉദാഹരണമാണ്. രാഷ്‌ട്രങ്ങൾ പരസ്പരം ക്രിയാത്മകമായി ഇടപഴകുമ്പോൾ മാത്രമേ ആഗോള പ്രശ്‌നങ്ങൾക്ക് യഥാർത്ഥവും ദീർഘകാലവുമായ പരിഹാരങ്ങൾ കൈവരിക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















