ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന മാദ്ധ്യമ റിപ്പോർട്ട് തള്ളി കനേഡിയൻ സർക്കാർ. പ്രധാനമന്ത്രിക്കെതിരായ അവകാശവാദങ്ങളെ പിന്തുണയ്‌ക്കാൻ കനേഡിയൻ സർക്കാരിന്റെ ഭാഗത്ത് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് തള്ളിയിരിക്കുന്നത്. മാദ്ധ്യമ റിപ്പോർട്ട് അങ്ങേയറ്റം പരിഹാസ്യവും, അപകീർത്തിപ്പെടുത്തുന്നതുമാണെന്ന ഇന്ത്യയുടെ പ്രതികരണത്തിന് പിന്നാലെയാണ് സംഭവത്തിൽ കാനഡ വ്യക്തത വരുത്തുന്നത്.
‘ കാനഡയിൽ നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർക്ക് പങ്കുള്ളതായി കാനഡ സ്ഥിരീകരിച്ചിട്ടില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. കാനഡ സർക്കാരിന്റെ പക്കൽ വ്യക്തമായ തെളിവുകളില്ല. അതിനാൽ മാദ്ധ്യമ റിപ്പോർട്ടുകൾ തള്ളുന്നുവെന്നാണ് കാനഡയുടെ വാദം.
നിജ്ജാറിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് പിന്നിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന ആരോപണവും കാനഡ ഉന്നയിച്ചിരുന്നു. ഈ ഗൂഢാലോചനയെ കുറിച്ച് പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും, ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും അറിയാമായിരുന്നുവെന്നായിരുന്നു മാദ്ധ്യമ റിപ്പോർട്ട്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു.
” സാധാരണ ഗതിയിൽ മാദ്ധ്യമ റിപ്പോർട്ടുകൾക്ക് ഇന്ത്യ അഭിപ്രായം പറയാറില്ലെന്നും എന്നാൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ അങ്ങേറ്റയറ്റം പരിഹാസ്യമാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്നതിന് മാത്രമേ ഇത്തരത്തിൽ അപവാദ പ്രചരണങ്ങൾ ഉപകരിക്കുകയുള്ളു” എന്നും അദ്ദേഹം പറഞ്ഞു















