തിരുവനന്തപുരം; 2025 അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. മുൻ ഡിജിപി ടി.പി. സെൻകുമാർ മുഖ്യരക്ഷാധികാരിയായും മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ചെയർമാനുമായി 101 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്.
തിരുവനന്തപുരം നാഷണൽ ക്ലബ് മന്നം മെമ്മോറിയൽ ഹാളിൽ നടന്ന യോഗത്തിലാണ് അടുത്ത വർഷത്തെ അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചത്. ജനം ടിവി എംഡിയും ഹിന്ദു ധർമപരിഷത്ത് ചെയർമാനുമായ ചെങ്കൽ എസ്. രാജശേഖരൻ നായർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ക്ഷേത്രങ്ങൾ ആദ്ധ്യാത്മികതയുടെ മാത്രമല്ല ബൗദ്ധികപുരോഗതിയുടെ കേന്ദ്രങ്ങളായും മാറണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത മുൻ ഡിജിപി ടി.പി. സെൻകുമാർ പറഞ്ഞു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും സനാതന ധർമ്മത്തെക്കുറിച്ച് പഠിപ്പിച്ചുകൊടുക്കാനുളള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാർട്ടേഡ് അക്കൗണ്ടന്റ് അനിൽ പരമേശ്വരൻ, കെജി വേണുഗോപാൽ, എംഎസ് ഭുവനചന്ദ്രൻ, ഹിന്ദുധർമപരിഷത്ത് പ്രസിഡന്റ് എം. ഗോപാൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. അഖിലഭാരത അയ്യപ്പ സേവാസംഘം ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എം. സംഗീത്കുമാറിനെ യോഗത്തിൽ ആദരിച്ചു.