പെർത്ത്: ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ പെർത്തിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യയെ 150 റൺസിന് പുറത്താക്കി ഓസ്‌ട്രേലിയൻ പേസ് നിര.
ടോസിന്റെ ആനുകൂല്യത്തിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് മുൻനിര വിക്കറ്റുകൾ വേഗത്തിൽ വീണതോടെ ചുവടുപിഴച്ചു. മുൻനിര ബാറ്റർമാരിൽ കെഎൽ രാഹുലും (74 പന്തിൽ 26 റൺസ്) റിഷഭ് പന്തും (78 പന്തിൽ 37 റൺസ്) മാത്രമാണ് പിടിച്ചു നിന്നത്.
59 പന്തുകളിൽ 41 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യൻ നിരയിലെ ടോപ്പ് സ്‌കോറർ. ഓപ്പണിംഗ് കൂട്ടുകെട്ടിൽ യശസ്വി ജയ്‌സ്വാൾ റൺസൊന്നും എടുക്കാതെ പുറത്തായി. പിന്നാലെ വന്ന ദേവദത്ത് പടിക്കലും 23 പന്തുകൾ നേരിട്ടെങ്കിലും റൺസൊന്നും കണ്ടെത്താനായില്ല. വിരാട് കോലി 12 പന്തിൽ അഞ്ച് റൺസെടുത്ത് പുറത്താകുകയും ചെയ്തു.
ഇന്ത്യയുടെ നാല് വിക്കറ്റുകൾ വീഴ്‌ത്തിയ ജോഷ് ഹാസ്ലെവുഡ് ആണ് വിക്കറ്റ് വേട്ടയിൽ മുൻപിൽ. 13 ഓവറുകളിൽ അഞ്ച് മെയ്ഡൻ ഓവറുകൾ സഹിതമാണ് ജോഷ് മികച്ച പ്രകടനം പുറത്തെടുത്തത്. 29 റൺസ് മാത്രമാണ് ജോഷിന്റെ പന്തുകളിൽ ഇന്ത്യയ്‌ക്ക് സ്വന്തമാക്കാനായത്. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിൽ ഓസീസിനും കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. സ്‌കോർ 50 ലെത്തുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. ബുമ്രയാണ് പേസ് ആക്രമണത്തിലൂടെ ഓസീസിനും ഉരുളയ്‌ക്കുപ്പേരി പോലെ മറുപടി നൽകിയത്. ബുമ്ര മൂന്ന് വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും ഹർഷിത് റാണ ഒരു വിക്കറ്റും വീഴ്‌ത്തി. ഉസ്മാൻ ഖവാജ (19 പന്തിൽ 8) സ്റ്റീവ് സ്മിത്ത് (0), നഥാൻ മക്‌സ്വീനി (13 പന്തിൽ 10) എന്നിവരുടെ വിക്കറ്റുകളാണ് ബുമ്ര വീഴ്‌ത്തിയത്.