തിരുവനന്തപുരം: വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. കേന്ദ്രം സഹായം നൽകുന്നില്ലെന്ന് പറഞ്ഞ് നടത്തിയ ഹർത്താലിനെ ഹൈക്കോടതി രൂക്ഷമായാണ് വിമർശിച്ചത്. ഇൻഡി മുന്നണിക്കേറ്റ പ്രഹരമാണ് ഹൈക്കോടതിയുടെ വിമർശനം.
ഈ മാസം 13 തിയതിയാണ് സംസ്ഥാനം കേന്ദ്രത്തിന് സഹായം അഭ്യർത്ഥിച്ച് നിവേദനം നൽകിയത്. ഈ നാല് മാസം സംസ്ഥാന സർക്കാർ എന്തു ചെയ്യുകയായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനത്തിനുളള ശുഷ്കാന്തി ഇതിൽ നിന്നും വ്യക്തമാകുന്നുണ്ട്. നിവേദനം തയ്യാറാക്കാൻ സംസ്ഥാനം നാല് മാസം എടുക്കുമ്പോൾ അത് പഠിക്കാൻ കേന്ദ്രത്തിന് സാമാന്യ സമയമെങ്കിലും നൽകേണ്ടതല്ലേ, അദ്ദേഹം ചോദിച്ചു.
കേന്ദ്രസഹായം ലഭിക്കണമെന്ന നിലപാട് തന്നെയാണ് തനിക്കും ഉളളത്. അത് ലഭിക്കുകയും ചെയ്യും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 685 കോടിയോളം രൂപയാണ് ലഭിച്ചത്. ദുരിതബാധിതരെ സഹായിക്കുകയാണ് ലക്ഷ്യമെങ്കിൽ ഈ പണം ചെലവഴിക്കാമല്ലോ, കേന്ദ്രസഹായം ലഭിച്ചാൽ മാത്രമേ ഈ പണം എടുക്കൂ എന്ന് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
നടപടിക്രമങ്ങൾ പാലിക്കുന്നതിന് അനുസരിച്ചാണ് എല്ലാം സംസ്ഥാനങ്ങൾക്കും തുക അനുവദിക്കുന്നത്. പോസ്റ്റ് ഡിസാസ്റ്റർ റീഡ് അസസ്മെന്റ് എന്താണെന്ന് പോലും അറിയാത്ത മന്ത്രിമാരാണ് സംസ്ഥാനത്തുള്ളത്. 2018 ലെ പ്രളയത്തിന് പിന്നാലെ സംസ്ഥാനം ഈ റിപ്പോർട്ട് നൽകിയതാണ്. പുതിയ മന്ത്രിക്ക് ഇതറിയില്ലെന്ന് പറയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്.
ഒരു നാട് മുഴുവൻ ഒലിച്ച് പോയിട്ടില്ലെന്നും മൂന്ന് വാർഡ് മാത്രമാണ് ഒലിച്ച് പോയതെന്നും പറഞ്ഞത് മന്ത്രി മുഹമ്മദ് റിയാസാണ്. മന്ത്രിയുടെ പ്രസ്താവന താൻ ആവർത്തിക്കുകയായിരുന്നു. ടിങ്കു ബിസ്വാൾ കേന്ദ്രത്തിലേക്ക് അയച്ച റിപ്പോർട്ടിലും മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡ് എന്നാണ് രേഖപ്പെടുത്തിയത്. താൻ പറയുമ്പോൾ നിസ്സാരവൽക്കരിക്കലും അവർ പറയുമ്പോൾ വസ്തുതയും ആകുന്നതെങ്ങനെയെന്നും വി. മുരളീധരൻ ചോദിച്ചു.