ബോർഡർ-ഗവാസ്കർ ട്രോഫിലെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 150 ന് പുറത്താക്കിയ ഓസ്ട്രേലിയയെ ഛിന്നഭിന്നമാക്കി ക്യാപ്റ്റൻ ബുമ്ര നയിക്കുന്ന ഇന്ത്യൻ പേസ് നിര. 25 ഓവറിൽ 59 റൺസെടുക്കുന്നതിനിടെ ഏഴുപേരെയാണ് വീഴ്‌ത്തിയത്. ഇന്ന് സ്റ്റമ്പെടുക്കുമ്പോൾ 67/7 എന്ന നിലയിലാണ് ഓസ്ട്രേലിയ. നാലു വിക്കറ്റുമായി ബുമ്ര മുന്നിൽ നിന്നപ്പോൾ മുഹമ്മദ് സിറാജ് രണ്ടും അരങ്ങേറ്റക്കാരൻ ഹർഷിദ് റാണ ഒരു വിക്കറ്റും നേടി. ഇന്ത്യക്കെതിരെ ലീഡ് സ്വപ്നം കണ്ടിറങ്ങിയ ഓസ്ട്രേലിയക്ക് മൂന്നാം ഓവറിലെ തിരിച്ചടിയേറ്റു.
നഥാൻ മക്സ്വീനിയെ(10) ബുമ്ര എൽബിയിൽ കുരുക്കി. തൊട്ടുപിന്നാലെ ഉസ്മാൻ ഖവാജയും (8) ബുമ്രയുടെ വെടിയുണ്ടയ്‌ക്ക് ഇരയായി. നേരിട്ട ആദ്യ പന്തിൽ സ്റ്റീവൻ സ്മിത്തിനെ പുറത്താക്കി നായകൻ വീണ്ടും ഓസ്ട്രേലിയയെ ഞെട്ടിച്ചു. സ്കോർ 31 റൺസിൽ നിൽക്കെ ട്രാവിസ് ഹെഡിനെ(11) ഹർഷിദ് റാണ ബൗൾഡാക്കിയതോടെ ഓസ്ട്രേലിയ ഭയന്നു.
പിന്നീട് മുഹമ്മദ് സിറാജിനായിരുന്നു ഊഴം 52 പന്തിൽ 2 റൺസുമായി പ്രതിരോധിച്ച മാർനസ് ലബുഷെയ്നിനെ സിറാജ് കൂടാരം കയറ്റി. മിച്ചൽ മാർഷിനെ(6) കെ.എൽ രാഹുലിന്റെ കൈയിലെത്തിച്ച് സിറാജ് വീണ്ടും ഓസീസിനെ പ്രതിസന്ധിയിലാക്കി. ക്യാപ്റ്റൻ പാറ്റ് കമിൻസിനെ (3) നിലയുറപ്പിക്കും മുൻപ് ബുമ്ര പന്തിന്റെ കൈയിലെത്തിച്ചു. നേരത്തെ നാലു വിക്കറ്റ് പിഴുത ജോഷ് ഹേസിൽവുഡാണ് ഇന്ത്യയെ തകർത്തത്. 41 റൺസെടുത്ത അരങ്ങേറ്റക്കാരൻ നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.