കോഴിക്കോട്: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന അവകാശവാദം വീണ്ടും തള്ളി കോഴിക്കോട് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ്. ദാനമായി ലഭിച്ച ഭൂമിയാണ് വിൽപന നടത്തിയതെന്ന് മാനേജ്‌മെന്റ് വഖ്ഫ് ട്രൈബ്യൂണൽ വ്യക്തമാക്കി. എന്നാൽ ഈ വാദത്തെ പൂർണമായി നിഷേധിക്കുകയാണ് ഭൂമിയുടെ മുൻ ഉടമയായ സിദ്ദിഖ് സേഠും വഖ്ഫ് സംരക്ഷണ സമിതിയും.
1950-ൽ ദാനമായി ലഭിച്ച ഭൂമിയാണ് മുനമ്പത്തേത് എന്ന് ആവർത്തിക്കുകയാണ് ഫാറൂഖ് കോളേജ്. ഈ ഭൂമിയാണ് 2019-ൽ വിൽപന നടത്തിയത്. വഖ്ഫ് ബോർഡ് ഭൂമിയേറ്റെടുത്തത് ഏകപക്ഷീയമാണെന്നും തങ്ങളുടെ നിലപാട് കേട്ടില്ലെന്നും കോളേജ് അധികൃതർ വ്യക്തമാക്കി. ഭൂമി വഖ്ഫിൻ്റേതാണെന്ന് വ്യക്തമാക്കി വഖ്ഫ് രജിസ്റ്ററിൽ ചേർത്തിരുന്നു. സബ് രജിസ്ട്രാർ ഓഫീസിൽ ഇത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.ഈ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് മാനേജ്മെൻ്റ് ട്രൈബ്യൂണലിൽ അപ്പീൽ നൽകിയത്. സിദ്ദിഖ് സേഠിന്റെ ബന്ധുക്കളും വഖ്ഫ് സംരക്ഷണ സമിതിയും കേസിൽ കക്ഷി ചേരും. കേസ് അടുത്ത മാസം ആറിലേക്ക് മാറ്റി.
എന്നാൽ മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്നും ഇതിന്റെ രേഖകൾ ഹാജരാക്കുമെന്നുമാണ് വഖ്ഫ് സംരക്ഷണ സമിതിയുടെ നിലപാട്. എല്ലാവരും ഒരുമിച്ച് പറഞ്ഞതാണ് മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന്. പക്ഷേ ഫാറൂഖ് കോളേജിന് മാത്രമാണ് മനസിലാകാത്തത്. കോളേജിന് ഇത് തിരിച്ച് പിടിക്കുന്നതിന് എന്തൊക്കെയോ സാങ്കേതിക പ്രശ്നങ്ങളുണ്ട്. സാങ്കേതിക പ്രശ്നമല്ല വലുതെന്നും വഖ്ഫാണ് വലുതെന്നും സംരക്ഷണ സമിതി ഭാരവാഹി അൽത്താഫ് പറഞ്ഞു.
വഖ്ഫ് ആവശ്യത്തിനായാണ് ഭൂമി കോളേജ് മാനേജ്‌മെൻ്റിന് നൽകിയതെന്നാണ് സിദ്ദിഖ് സേഠിന്റെ കുടുംബം പറയുന്നത്. സിദ്ദിഖ് സേഠിന്റെ കുടുംബത്തിന്റെയും വഖ്ഫ് സംരക്ഷണ സമിതിയുടെ വാദം കൂടി കേട്ടശേഷമാകും വഖ്ഫ് ട്രെെബ്യൂണൽ തീരുമാനമെടുക്കുക. മുനമ്പത്തെ അനിശ്ചിത കാല സമരം 41-ാം ദിവസത്തിലേക്ക് കടക്കുകയാണ്.