ബെംഗളൂരു: വിവാഹസർട്ടിഫിക്കറ്റ് നൽകുന്നതിന് വഖ്ഫ് ബോർഡിനുള്ള അധികാരം മരവിപ്പിച്ച് കർണാടക ഹൈക്കോടതി. മുസ്ലീം അപേക്ഷകർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് വഖ്ഫിനെ അനുവദിക്കുന്ന സംസ്ഥാന സർക്കാർ ഉത്തരവാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ 2025 ജനുവരി 7 വരെയാണ് സ്റ്റേ. ചീഫ് ജസ്റ്റിസ് എൻ.വി അഞ്ജാരിയ, ജസ്റ്റിസ് കെ.വി അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. പൊതുതാത്പര്യ ഹർജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ഇടപെടൽ.
വഖ്ഫ് ബോർഡോ, വഖ്ഫ് ഓഫീസർമാരോ നൽകുന്ന വിവാഹസർട്ടിഫിക്കറ്റുകൾ ഔദ്യോഗിക കാര്യങ്ങൾക്ക് സമർപ്പിക്കപ്പെടുമ്പോൾ സാധുതയുള്ള രേഖയായി കണക്കാക്കാൻ പ്രയാസമാണെന്ന് കോടതി നിരീക്ഷിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് എ ആലം പാഷയാണ് പൊതുതാത്പര്യ ഹർജി നൽകിയത്. മുസ്ലീം സമുദായത്തിൽ നിന്നുള്ളവർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ വഖ്ഫ് ബോർഡിന് അധികാരം നൽകുന്ന വിജ്ഞാപനം 2023 ഫെബ്രുവരി 21ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ന്യൂനപക്ഷ ക്ഷേമ, വഖ്ഫ്, ഹജ്ജ് വകുപ്പ് 2023 ഓഗസ്റ്റ് 30ന് പുറപ്പെടുവിച്ച അനുബന്ധ വിജ്ഞാപനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ഹർജി.
വഖ്ഫ് ബോർഡിന്റെ അധികാരങ്ങളും പ്രവർത്തനങ്ങളും വഖഫ് നിയമത്തിലെ സെക്ഷൻ 32 പ്രകാരം നിർവചിക്കപ്പെട്ടതാണ്. എന്നാൽ മുസ്ലീം വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള അധികാരം ഈ വ്യവസ്ഥയിൽ ഉൾപ്പെടുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വഖ്ഫ് ബോർഡുകൾ വഴി വിവാഹം രജിസ്റ്റർ ചെയ്യുന്നത് വഖ്ഫിന്റെ അധികാര പരിധിക്കപ്പുറമുള്ള കാര്യമാണെന്ന് പല ഹൈക്കോടതികളും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹർജിക്കാരൻ ഓർമിപ്പിച്ചു. ഈ സാഹചര്യത്തിലാണ് വഖ്ഫിന് അനുമതി നൽകുന്ന സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചത്.