താനെ: അമ്മാവൻ കളിയായി കവിളത്തടിച്ച മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിലെ താനെയിലുള്ള ഉല്ലാസ്‌നഗർ മേഖലയിലാണ് സംഭവം. കുറ്റകൃത്യം മറച്ചുവെക്കാനായി മൃതദേഹം കത്തിച്ച പ്രതി സംഭവശേഷം കുട്ടിയുടെ അമ്മയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനും എത്തിരുന്നു. ഇതിനിടെ കുറ്റിക്കാട്ടിൽ നിന്ന് ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലയ്‌ക്ക് പിന്നിൽ മാതൃസഹോദരനാണെന്ന കാര്യം പൊലീസിന് പിടികിട്ടിയത്.
നവംബർ 18 നായിരുന്നു സംഭവം. വീട്ടിൽ മൂന്ന് വയസുകാരിയുമായി കളിക്കുന്നതിനിടെയാണ് ഇയാൾ കളിക്ക് കുട്ടിയെ തല്ലിയത്. കരണത്തേറ്റ അടിയുടെ ആഘാതത്തിൽ വീണ കുട്ടി തലയിടിച്ച് തൽക്ഷണം മരിച്ചു. മരണവിവരം വിവരം പുറത്തറിയാതിരിക്കാൻ ഇയാൾ മൃതദേഹം ഒളിപ്പിച്ചു. കുട്ടിയെ കാണാനില്ലെന്ന പരാതി നൽകാൻ സഹോദരിക്കൊപ്പം പൊലീസ് സ്റ്റേഷനിൽ പോവുകയും ചെയ്തു. വീട്ടുകാർ സമൂഹ മാദ്ധ്യമങ്ങളിൽ കുട്ടിയുടെ ചിത്രം പോസ്റ്റ് ചെയ്ത് തെരച്ചിലും ആരംഭിച്ചിരുന്നു. ഇതിനിടയിൽ വിവരമറിഞ്ഞ പ്രതിയുടെ ഭാര്യയും സുഹൃത്തായ റിക്ഷാക്കാരനും ചേർന്ന് മൃതദേഹം അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് മാറ്റി കത്തിക്കാൻ ശ്രമിച്ചു.
കഴിഞ്ഞ ദിവസം പ്രതിയും റിക്ഷാക്കാരനും പൊലീസിനൊപ്പം തെരച്ചിലിനായി ഇറങ്ങുകയും ചെയ്തു. റിക്ഷാക്കാരൻ തന്നെയാണ് മൃതദേഹം കണ്ടെത്തുന്നതും. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു. ഇതോടെയാണ് സത്യാവസ്ഥ പുറത്തറിയുന്നത്. ചോദ്യം ചെയ്യലിൽ മൃതദേഹം കത്തിച്ചതായി സമ്മതിച്ചെങ്കിലും കുട്ടിയെ കൊല്ലാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്ന് പ്രതി പറഞ്ഞു. പ്രതിയെയും കൃത്യത്തിൽ പങ്കാളികളായ മറ്റ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.















