ന്യൂഡൽഹി: ഇന്ത്യയിലെ ഇലക്ട്രോണിക് കമ്പനികൾക്ക് 5 ബില്യൺ ഡോളറിന്റെ ഇൻസെന്റീവ് നൽകാൻ പദ്ധതി തയാറാക്കി സർക്കാർ. മൊബൈൽ മുതൽ ലാപ്ടോപ്പ് വരെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഘടകങ്ങൾ പ്രാദേശികമായി നിർമ്മിക്കുന്ന കമ്പനികൾക്കാണ് ഇൻസെന്റീവുകൾ നൽകുന്നത്. ഇന്ത്യയുടെ ഇലക്ട്രോണിക് ഉൽപാദന മേഖലയെ ശക്തിപ്പെടുത്തുകയും ചൈനയിൽ നിന്നുള്ള ഇറക്കുമതി നിർത്തലാക്കുകയുമാണ് ലക്ഷ്യം.
കഴിഞ്ഞ ആറ് വർഷത്തിനിടെ ആദ്യമായി രാജ്യത്തിന്റെ ഇലക്ട്രോണിക് ഉൽപ്പാദനം 115 ബില്യൺ ഡോളറിലെത്തി. ആപ്പിളും സാംസങ്ങും പോലുള്ള ആഗോള കമ്പനികളുടെ ഇന്ത്യയിലെ മൊബൈൽ നിർമ്മാണത്തിലെ വളർച്ചയുടെ ഫലമാണിതെന്നാണ് വിലയിരുത്തൽ. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സ്മാർട്ട് ഫോൺ വിതരണക്കാരാണ് ഇന്ത്യ. എന്നാൽ ചൈനപോലുള്ള രാജ്യങ്ങളിൽ നിന്നും ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇപ്പോഴും തുടരുന്നുണ്ട്. ഇത് പൂർണമായും നിർത്തലാക്കുകയാണ് ലക്ഷ്യം.
2030 സാമ്പത്തിക വർഷത്തോടെ ഇലക്‌ട്രോണിക്‌സ് ഉൽപ്പാദനം 500 ബില്യൺ ഡോളറായി വികസിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പുതിയ പദ്ധതിയിലൂടെ പ്രിൻ്റഡ് സർക്യൂട്ട് ബോർഡുകൾ പോലുള്ള പ്രധാന ഘടകങ്ങളുടെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കും. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ആരംഭിക്കുന്ന പദ്ധതി യോഗ്യത നേടുന്ന ആഗോള, പ്രാദേശിക സ്ഥാപനങ്ങൾക്ക് ഇൻസെന്റീവുകൾ നൽകും. ഇലക്‌ട്രോണിക്‌സ് മന്ത്രാലമാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്. വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.















