പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തെ തുടർന്ന് അറസ്റ്റിലായ വിദ്യാർത്ഥിനികൾ റിമാൻഡിൽ. മൂന്ന് വിദ്യാർത്ഥിനികളെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുതരണമെന്ന് പൊലീസ്, കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 14 ദിവസത്തേക്ക് പ്രതികളെ കോടതി പൊലീസ് റിമാൻഡിൽ വിട്ടു.
പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരിൽ ഒരാളുടെ ലോഗ്ബുക്ക് കാണാനില്ലെന്ന് പറഞ്ഞ്, അമ്മുവിനെ ഇവർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഈ ബുക്ക് കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
പ്രതികളുടെ ഫോണിൽ അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഉണ്ടായേക്കാം. ജാമ്യം അനുവദിച്ചാൽ ഇവ നശിപ്പിച്ചുകളയാനുള്ള സാധ്യത കൂടുതലാണെന്ന് വാദി ഭാഗം വാദിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രോസിക്യൂഷന്റെ ആവശ്യങ്ങൾ പരിഗണിച്ച് ജാമ്യം നിഷേധിച്ചത്.
അതേസമയം ആത്മഹത്യാ പ്രേരണകുറ്റം നിലനിൽക്കുന്നതല്ലെന്നും പെൺകുട്ടികളുടെ ജാമ്യം പരിഗണിക്കണമെന്നുമായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കേണ്ടതില്ലെന്നും ഇടക്കാല ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. തുടർന്നാണ് പ്രതികളെ കോടതി റിമാൻഡ് ചെയ്തത്.
അതേസമയം അമ്മുവിന്റെ പുസ്തകത്തിൽ ‘ഐ ക്വിറ്റ്’ എന്നെഴുതിയിരിക്കുന്ന കയ്യക്ഷരം അമ്മുവിന്റേതല്ലെന്നും കുടുംബം പറഞ്ഞു. ഫോണിന്റെ ലോക്ക് നീക്കം ചെയ്തതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബം സംസയിക്കുന്നത്.















