കോഴിക്കോട്: വഖ്ഫ് അധിനിവേശ വിഷയത്തിൽ ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് വഴി മുഖ്യമന്ത്രിയും സർക്കാരും മുനമ്പം നിവാസികളെ വഞ്ചിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വഖ്ഫ് ബോർഡിന് ഒപ്പമാണ് സർക്കാരെന്ന് വ്യക്തമായെന്നും ബിജെപി ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുകയാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു.
മുനമ്പത്തെ ജനതയെ സംസ്ഥാന സർക്കാർ വഞ്ചിച്ചു. മുനമ്പം നിവാസികളോടപ്പമല്ല, വഖ്ഫ് ബോർഡിനൊപ്പമാണ് സർക്കാരെന്ന് വ്യക്തമായി. ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചത് അതിനുള്ള തെളിവാണ്. ജൂഡീഷ്യൽ കമ്മീഷനെ വെക്കാനുള്ള തീരുമാനം മുനമ്പം നിവാസികൾ അംഗീകരിക്കുന്നില്ല. വഞ്ചനാപരമായ തീരുമാനം ഒരാളും അംഗീകരിച്ചിട്ടില്ല. സമരസമിതിയും അംഗീകരിക്കുന്നില്ല. മുനമ്പം നിവാസികളുടെ സത്യസന്ധതയേയാണ് സർക്കാർ ചോദ്യം ചെയ്യുന്നത്. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചുകൊണ്ട് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് സർക്കാർ നടത്തിയതെന്ന് എല്ലാവരും തിരിച്ചറിഞ്ഞു.
സർക്കാർ മുനമ്പം ജനതയ്‌ക്കൊപ്പം നിന്നില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധം ആരംഭിക്കും. വഖ്ഫ് ബോർഡ് നോട്ടീസ് നൽകിയ എല്ലാ സ്ഥലങ്ങളിലും ബിജെപി ജനജാഗ്രതാ സമിതികൾ രൂപീകരിക്കും. ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ പ്രക്ഷോഭം നടത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
മുനമ്പത്തും ചെല്ലാനത്തും വഖ്ഫ് നോട്ടീസ് ലഭിച്ച ഇടങ്ങളിലെല്ലാം ജാഗ്രതാ സമിതി രൂപീകരിക്കും. മറ്റന്നാൾ മുതൽ സമരം ശക്തമാക്കും. സർക്കാരിന് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ നോട്ടീസ് വിതരണം ചെയ്യുന്നത് നിർത്തി ഭൂമി വഖ്ഫിന്റെതല്ലെന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. അതിന് തയ്യാറായില്ലെങ്കിൽ ബിജെപിയുടെ ഭാഗത്തുനിന്ന് ശക്തമായ ചെറുത്തു നിൽപ്പുണ്ടാകുമെന്നും കെ. സുരേന്ദ്രൻ അറിയിച്ചു.