മുംബൈ: കൂച്ച് ബെഹാർ ട്രോഫിയിൽ ഡൽഹിക്ക് വേണ്ടി 297 റൺസെടുത്ത മകൻ ആര്യൻവീറിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. മകന് ഇനിയും ഡാഡിയെ പോലെ ഡബിൾ സെഞ്ച്വറികളും ട്രിപ്പിൾ സെഞ്ച്വറികളും സ്കോർ ചെയ്യാനാകട്ടെയെന്ന് സെവാഗ് ആശംസിച്ചു. ഷില്ലോങ്ങിലെ എംസിഎ ഗ്രൗണ്ടിൽ നടന്ന അണ്ടർ 19 മെൻസ് കൂച്ച് ബെഹാർ ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ മേഘാലയക്കെതിരെയാണ് ആര്യൻവീർ തന്റെ മാസ്മരിക പ്രകടനം കാഴ്ചവെച്ചത്.
ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ റെക്കോർഡ് സ്കോറായ 319 മറികടന്നാൽ മക്കൾക്ക് ഫെരാരി കാർ സമ്മാനമായി നൽകുമെന്ന് മുൻപ് സെവാഗ് പറഞ്ഞിരുന്നു. ഇത് ഓർമിപ്പിക്കുന്ന പോസ്റ്റാണ് താരം പങ്കുവച്ചത്. “ആര്യൻവീർ, നീ നന്നായി കളിച്ചു, വെറും 23 റൺസിന് ഫെരാരി നഷ്ടമായി. സാരമില്ല, ഇനിയും നിനക്ക് അച്ഛനെപ്പോലെ നിരവധി ഡബിൾ സെഞ്ച്വറിയും ട്രിപ്പിൾ സെഞ്ച്വറികളും നേടാനാകട്ടെ,” എന്നായിരുന്നു മകനെ അഭിനന്ദിച്ചുകൊണ്ട് സെവാഗ് എക്‌സിൽ പങ്കുവച്ച പോസ്റ്റ്.
51 ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടെയാണ് ആര്യൻവീർ 297 എന്ന മാരത്തൺ ഇന്നിംഗ്സ് കളിച്ചത്. യുവതാരത്തിന്റ മികച്ച പ്രകടനം ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചു. ട്രിബിൾ സെഞ്ച്വറിക്ക് വെറും മൂന്ന് റൺസ് വേണമെന്നിരിക്കെ ആര്‍.എസ് റാത്തോറിന്റെ പന്തില്‍ ക്ലീൻ ബൗൾഡാവുകയായിരുന്നു. 623/5 എന്ന നിലയിൽ ഡൽഹി ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മേഘാലയ ആദ്യ ഇന്നിംഗ്‌സിൽ 260 റൺസെടുത്തിരുന്നു.
Well played @aaryavirsehwag . Missed a Ferrari by 23 runs. But well done, keep the fire alive and may you score many more daddy hundreds and doubles and triples. Khel jaao.. pic.twitter.com/4sZaASDkjx
— Virender Sehwag (@virendersehwag) November 22, 2024