ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിട നിർമാണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി. ആഭ്യന്തര വിജിലൻസ് പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിജിലൻസ് കോട്ടയം റേഞ്ച് ഡിവൈഎസ്പി മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
180 കോടി രൂപ ചെലവിലാണ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം നിർമിച്ചിരിക്കുന്നത്. എന്നാൽ ചെറിയൊരു മഴ പെയ്യുമ്പോൾ തന്നെ ചോർച്ചയുണ്ടാകുന്നത് പതിവാണ്. ഇതേ തുടർന്ന് ചില സംഘടനകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് പരിശോധന നടത്തിയത്.
ഇലക്ട്രിക്, പ്ലംബ്ബിംഗ് സെക്ഷനിലും ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിലെത്തി കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട രേഖകളും വിജിലൻസ് സംഘം പരിശോധിച്ചു. ഒരു വർഷം മുമ്പായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഈ കെട്ടിടമാണ് അരക്ഷിതാവസ്ഥയിൽ തുടരുന്നത്.















